1 ദിനവൃത്താന്തം 23:2-32

1 ദിനവൃത്താന്തം 23:2-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി, ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു. അവരിൽ ഇരുപത്തിനാലായിരം പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരം പേർ പ്രമാണികളും ന്യായാധിപന്മാരും നാലായിരം പേർ വാതിൽക്കാവല്ക്കാരും നാലായിരം പേർ സ്തോത്രം ചെയ്യേണ്ടതിനു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു. ഗേർശോന്യർ: ലദ്ദാൻ, ശിമെയി. ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നു പേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നു പേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലു പേർ ശിമെയിയുടെ പുത്രന്മാർ. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരിയയ്ക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലു പേർ. അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവനു ശുശ്രൂഷ ചെയ്‍വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു. മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. ഗേർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവ് തലവൻ; എലീയേസെരിനു വേറേ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിനു വളരെ പുത്രന്മാർ ഉണ്ടായിരുന്നു. യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ. ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ മരിച്ചു; അവനു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹം ചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ. ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ. ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു. ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ട് എണ്ണിയിരുന്നു. അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും സകല വിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയ മാവും സകലവിധ പരിമാണവും അളവും നോക്കുന്നതും രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.

1 ദിനവൃത്താന്തം 23:2-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിലെ എല്ലാ നേതാക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും ദാവീദ് വിളിച്ചുകൂട്ടി. മുപ്പതും അതിൽ കൂടുതലും വയസ്സുള്ള എല്ലാ ലേവ്യരുടെയും ജനസംഖ്യയെടുത്തു; അവർ ആകെ മുപ്പത്തെണ്ണായിരം പേരുണ്ടായിരുന്നു. അവരിൽ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയി ദാവീദ് നിയമിച്ചു. നാലായിരംപേരെ വാതിൽകാവല്‌ക്കാരായും നാലായിരംപേരെ ദാവീദ് നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗിച്ചു സർവേശ്വരനു സ്തുതിഗീതങ്ങൾ പാടുന്ന ഗായകരായും നിയമിച്ചു. ലേവിയുടെ പുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരുടെ പേരിന്റെ ക്രമത്തിൽ ദാവീദ് അവരെ കുലങ്ങളായി വേർതിരിച്ചു. ഗേർശോന്റെ പുത്രന്മാർ: ലദ്ദാൻ, ശിമെയി. ലദ്ദാന്റെ പുത്രന്മാർ: മുഖ്യനായ യെഹീയേൽ, സേഥാം, യോവേൽ എന്നീ മൂന്നു പേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ എന്നീ മൂന്നു പേർ. ഇവരായിരുന്നു ലദ്ദാന്റെ പിതൃഭവനത്തലവന്മാർ. ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യയൂശ്, ബെരീയാം എന്നീ നാലു പേർ. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു. യെയൂശിനും ബെരീയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അവർ ഒരു കുലമായി കണക്കാക്കപ്പെട്ടിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നീ നാലുപേർ. അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശ. അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കാനും അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാനും സർവേശ്വരന്റെ സന്നിധിയിൽ ധൂപം കാട്ടാനും സർവേശ്വരനാമത്തിൽ ആശീർവദിക്കാനും എന്നേക്കും വേർതിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശയുടെ പുത്രന്മാരെയും ലേവിഗോത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. മോശയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. എലീയേസെരിന്റെ പുത്രൻ രെഹബ്യാ തലവനായിരുന്നു. എലീയേസെരിനു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല. എന്നാൽ രെഹബ്യാക്ക് അനേകം പുത്രന്മാർ ഉണ്ടായിരുന്നു. ഇസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് ആയിരുന്നു തലവൻ. ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാ തലവനും അമര്യാ രണ്ടാമനും യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാർ: മുഖ്യനായ മീഖാ, രണ്ടാമനായ ഇശ്ശീയാ എന്നിവർ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ മരിച്ചു. അയാൾക്കു പുത്രന്മാർ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളൂ. കീശിന്റെ പുത്രന്മാരായ അവരുടെ ചാർച്ചക്കാർ അവരെ വിവാഹം ചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് എന്നീ മൂന്നു പേർ. ഇവരാണ് പിതൃഭവനത്തലവന്മാരായി വംശാവലിയിൽ പേരു ചേർക്കപ്പെട്ട ലേവിപുത്രന്മാർ. ഇവരിൽ ഇരുപതും അതിൽ കൂടുതലും വയസ്സുള്ളവർ സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷ ചെയ്തുവന്നു. ദാവീദ് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ തന്റെ ജനത്തിനു സ്വസ്ഥത നല്‌കിയിരിക്കുന്നു. അവിടുന്നു യെരൂശലേമിൽ എന്നേക്കുമായി വസിക്കുന്നു. ആകയാൽ മേലിൽ ലേവ്യർ വിശുദ്ധകൂടാരമോ അതിലെ ശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളോ ചുമക്കേണ്ടതില്ല.” ദാവീദിന്റെ അന്ത്യകല്പനയനുസരിച്ച് ഇരുപതും അതിൽ കൂടുതലും വയസ്സുള്ള ലേവ്യരുടെ ജനസംഖ്യ എടുത്തിരുന്നു. എന്നാൽ സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷകളിൽ അഹരോന്റെ പുത്രന്മാരെ സഹായിക്കുക അവരുടെ ചുമതലയാണ്. അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധവസ്തുക്കൾ വൃത്തിയാക്കുക, ദേവാലയശുശ്രൂഷയോടു ബന്ധപ്പെട്ട ഏതു ജോലിയും ചെയ്യുക. കൂടാതെ കാഴ്ചയപ്പം, ധാന്യബലിക്കുവേണ്ട മാവ്, പുളിപ്പില്ലാത്ത അടകൾ, ചുട്ടെടുത്ത വഴിപാടു വസ്തുക്കൾ, എണ്ണ ചേർത്തുണ്ടാക്കുന്ന വഴിപാടുവസ്തുക്കൾ എന്നിവയും അളവും തൂക്കവും സംബന്ധിച്ച കാര്യങ്ങളും ഇവരുടെ ചുമതലയിലായിരുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും ലേവ്യർ സർവേശ്വരനു സ്തുതിസ്തോത്രങ്ങൾ അർപ്പിക്കേണ്ടിയിരുന്നു. ശബത്തുകളിലും അമാവാസികളിലും ഉത്സവദിനങ്ങളിലും നിശ്ചയിച്ചിട്ടുള്ളിടത്തോളം പേർ ക്രമമായി സർവേശ്വരസന്നിധിയിൽ ഹോമബലി അർപ്പിക്കണം. അവർ തിരുസാന്നിധ്യകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷയിൽ തങ്ങളുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു.

1 ദിനവൃത്താന്തം 23:2-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ യിസ്രായേലിന്‍റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി, ലേവ്യരിൽ മുപ്പതും അതിൽ കൂടുതലും വയസ്സുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു. അവരിൽ ഇരുപത്തിനാലായിരം (24,000) പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരം (6,000) പേർ പ്രമാണികളും ന്യായാധിപന്മാരും നാലായിരം (4,000) പേർ വാതിൽകാവല്ക്കാരും നാലായിരം (4,000) പേർ സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു. ഗേർശോന്‍റെ പുത്രന്മാർ: ലദ്ദാൻ, ശിമെയി. ലദ്ദാന്‍റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്‍റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരീയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു. കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ. അമ്രാമിന്‍റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടുവാനും അവനു ശുശ്രൂഷ ചെയ്യുവാനും എപ്പോഴും അവന്‍റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു. മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. ഗേർശോമിന്‍റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. എലീയേസെരിന്‍റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു. യിസ്ഹാരിന്‍റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ. ഹെബ്രോന്‍റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്‍റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ മരിച്ചു; അവനു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്‍റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ. ഇവർ കുടുംബംകുടുംബമായി, പേരുപേരായി, എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവരിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു. “യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനത്തിന് സ്വസ്ഥത കൊടുത്ത് യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ. ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമക്കേണ്ടതില്ല“ എന്നു ദാവീദ് പറഞ്ഞു. ദാവീദിന്‍റെ അന്ത്യകല്പനകളനുസരിച്ച് ലേവ്യരെ ഇരുപതു വയസ്സും അതിൽ കൂടുതൽ എണ്ണിയിരുന്നു. അവരുടെ ചുമതലയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും, ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്‍റെ പുത്രന്മാരെ സഹായിക്കുന്നതും കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണമായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും സമാഗമനകൂടാരത്തിന്‍റെ കാര്യവും വിശുദ്ധസ്ഥലത്തിന്‍റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.

1 ദിനവൃത്താന്തം 23:2-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി, ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു. അവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു. ഗേർശോന്യർ ലദ്ദാൻ, ശിമെയി. ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ. യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ. അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‌വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു. മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവു തലവൻ; എലീയേസെരിന്നു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാർ ഉണ്ടായിരുന്നു. യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ. ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു. മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ. ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ. ആകയാൽ ലേവ്യർക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു. ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു. അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നേ.

1 ദിനവൃത്താന്തം 23:2-32 സമകാലിക മലയാളവിവർത്തനം (MCV)

അദ്ദേഹം ഇസ്രായേലിലെ സകലപ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. ലേവ്യരിൽ മുപ്പതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണമെടുത്തു; പുരുഷന്മാർ ആകെ മുപ്പത്തെണ്ണായിരം എന്നുകണ്ടു. ദാവീദ് പറഞ്ഞു: “ഇവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കു മേൽനോട്ടം വഹിക്കുകയും ആറായിരംപേർ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയിരിക്കുകയും വേണം. നാലായിരംപേർ വാതിൽകാവൽക്കാരും ആയിരിക്കണം. ബാക്കി നാലായിരംപേർ ഞാൻ തയ്യാറാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കണം.” ലേവിയുടെ പുത്രന്മാരായ ഗെർശോൻ. കെഹാത്ത്, മെരാരി എന്നിവരുടെ ക്രമത്തിൽ ദാവീദ് ലേവ്യരെ മൂന്നു ഗണങ്ങളാക്കി തിരിച്ചു. ഗെർശോന്യരിൽ ഉൾപ്പെട്ടിരിക്കുന്നവർ: ലദ്ദാൻ, ശിമെയി. ലദ്ദാന്റെ പുത്രന്മാർ: നായകനായ യെഹീയേൽ, സേഥാം, യോവേൽ—ആകെ മൂന്നുപേർ. ശിമെയിയുടെ പുത്രന്മാർ: ശെലോമോത്ത്, ഹസീയേൽ, ഹാരാൻ—ആകെ മൂന്നുപേർ. (ഇവർ ലദ്ദാന്റെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.) ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീസാ, യെയൂശ്, ബേരീയാം; ഇവർ ശിമെയിയുടെ പുത്രന്മാരായിരുന്നു—ആകെ നാലുപേർ. ഇവരിൽ യഹത്ത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു. എന്നാൽ യെയൂശിനും ബേരീയാമിനും അധികം പുത്രന്മാരില്ലായിരുന്നു. അതിനാൽ അവരെ ഇരുവരെയും ഒരുകുടുംബമായും ഒറ്റവീതത്തിന് അവകാശികളായും കരുതിയിരുന്നു. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ—ആകെ നാലുപേർ അമ്രാമിന്റെ പുത്രന്മാർ: അഹരോനും മോശയും. അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിക്കുന്നതിനും അവിടത്തെ മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും എപ്പോഴും യഹോവയുടെ നാമത്തിൽ അനുഗ്രഹവചസ്സുകൾ ചൊരിയുന്നതിനുംവേണ്ടി അഹരോനും പിൻഗാമികളും എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ടു. ദൈവപുരുഷനായ മോശയുടെ പുത്രന്മാർ ലേവി ഗോത്രത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു. മോശയുടെ പുത്രന്മാർ: ഗെർശോം, എലീയേസർ. ഗെർശോമിന്റെ പിൻഗാമികളിൽ ശെബൂവേൽ പ്രമുഖനായിരുന്നു. എലീയേസരിന്റെ പിൻഗാമികളിൽ രെഹബ്യാവ് പ്രമുഖനായിരുന്നു. എലീയേസറിന് മറ്റു പുത്രന്മാരില്ലായിരുന്നു. എന്നാൽ രെഹബ്യാവിനു വളരെ പുത്രന്മാരുണ്ടായിരുന്നു. യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് പ്രമുഖനായിരുന്നു. ഹെബ്രോന്റെ പുത്രന്മാർ: യെരീയാവ് ഒന്നാമനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു. ഉസ്സീയേലിന്റെ പുത്രന്മാരിൽ: മീഖാ ഒന്നാമനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. എലെയാസാർ പുത്രന്മാരില്ലാതെ മരിച്ചു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പിതൃസഹോദരനായ കീശിന്റെ പുത്രന്മാർ അവരെ വിവാഹംചെയ്തു. മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത്—ആകെ മൂന്നുപേർ. കുടുംബങ്ങൾ, കുടുംബത്തലവന്മാർ എന്നിങ്ങനെ തരംതിരിച്ച് പേരുപേരായി രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവിയുടെ പിൻഗാമികൾ ഓരോ വ്യക്തിയെയും, അതായത്, ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകരുമായ ലേവ്യസന്തതികൾ ഇവരായിരുന്നു. ദാവീദ് ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്വസ്ഥത നൽകിയിരിക്കുന്നതിനാലും അവിടന്ന് എന്നെന്നേക്കും ജെറുശലേമിൽ അധിവസിക്കുന്നതിന് എഴുന്നള്ളിയിരിക്കുന്നതിനാലും ഇനിമേലിൽ ലേവ്യർക്ക് സമാഗമകൂടാരമോ ശുശ്രൂഷകൾക്കുള്ള വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലുമോ ചുമക്കേണ്ടതായി വരികയില്ല.” ദാവീദ് ഏറ്റവും ഒടുവിൽ കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്, ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരിൽനിന്നു ലേവ്യരുടെ എണ്ണം തിട്ടപ്പെടുത്തിയിരുന്നു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അഹരോന്റെ പിൻഗാമികളെ സഹായിക്കുക, ആലയത്തിന്റെ അങ്കണവും വശത്തോടുചേർന്ന അറകളും സൂക്ഷിക്കുക, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുക, ദൈവത്തിന്റെ മന്ദിരത്തിലെ മറ്റു ജോലികളെല്ലാം നിർവഹിക്കുക, എന്നിവയെല്ലാമായിരുന്നു ലേവ്യരുടെ ചുമതലകൾ. മേശയിലേക്കുള്ള കാഴ്ചയപ്പവും ഭോജനയാഗത്തിനുള്ള നേർമയേറിയ മാവും പുളിപ്പില്ലാത്ത അപ്പവും അടകൾ ചുട്ടെടുക്കുന്നതും മാവു കുഴയ്ക്കുന്നതും അളവും വലുപ്പവും നിരീക്ഷിക്കുന്നതും എല്ലാം അവരുടെ ചുമതലയായിരുന്നു. രാവിലെയും വൈകുന്നേരവും യഹോവയ്ക്കു നന്ദികരേറ്റുന്നതിനും അവിടത്തെ സ്തുതിക്കുന്നതിനും അവർ സന്നിഹിതരാകണമായിരുന്നു. കൂടാതെ, ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതമായ ഉത്സവവേളകളിലും യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുമ്പോഴൊക്കെ അവർ സന്നിഹിതരാകണമായിരുന്നു. അവർക്കു നിശ്ചയിക്കപ്പെട്ട പ്രകാരവും എണ്ണത്തിനൊത്തും അവർ യഹോവയുടെ സന്നിധിയിൽ നിരന്തരം ശുശ്രൂഷകൾ അനുഷ്ഠിക്കണമായിരുന്നു. അങ്ങനെ ലേവ്യർ സമാഗമകൂടാരത്തിനും വിശുദ്ധസ്ഥലത്തിനുംവേണ്ടി തങ്ങൾക്കുള്ള ചുമതലകളെല്ലാം നിറവേറ്റിയിരുന്നു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷകളിൽ അവർ തങ്ങളുടെ സഹോദരന്മാരായ അഹരോന്യർക്കു സഹായികളായും വർത്തിച്ചിരുന്നു.