1 ദിന. 23
23
1ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്‍റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി.
ലേവ്യരുടെ ചുമതലകൾ
2അവൻ യിസ്രായേലിന്‍റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി, 3ലേവ്യരിൽ മുപ്പതും അതിൽ കൂടുതലും വയസ്സുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു. 4അവരിൽ ഇരുപത്തിനാലായിരം (24,000) പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരം (6,000) പേർ പ്രമാണികളും 5ന്യായാധിപന്മാരും നാലായിരം (4,000) പേർ വാതിൽകാവല്ക്കാരും നാലായിരം (4,000) പേർ സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; 6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
ഗേർശോന്‍റെ പുത്രന്മാർ
7ഗേർശോന്‍റെ പുത്രന്മാർ: ലദ്ദാൻ, ശിമെയി. 8ലദ്ദാന്‍റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. 9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്‍റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. 10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ. 11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരീയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
കെഹാത്തിന്‍റെ പുത്രന്മാർ
12കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ. 13അമ്രാമിന്‍റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടുവാനും അവനു ശുശ്രൂഷ ചെയ്യുവാനും എപ്പോഴും അവന്‍റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു. 14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു. 15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. 16ഗേർശോമിന്‍റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. 17എലീയേസെരിന്‍റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു. 18യിസ്ഹാരിന്‍റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ. 19ഹെബ്രോന്‍റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു. 20ഉസ്സീയേലിന്‍റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.
21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. 22എലെയാസാർ മരിച്ചു; അവനു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്‍റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു. 23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
24ഇവർ കുടുംബംകുടുംബമായി, പേരുപേരായി, എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവരിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു. 25“യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനത്തിന് സ്വസ്ഥത കൊടുത്ത് യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ. 26ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമക്കേണ്ടതില്ല“ എന്നു ദാവീദ് പറഞ്ഞു. 27ദാവീദിന്‍റെ അന്ത്യകല്പനകളനുസരിച്ച് ലേവ്യരെ ഇരുപതു വയസ്സും അതിൽ കൂടുതൽ എണ്ണിയിരുന്നു.
28അവരുടെ ചുമതലയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും, ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്‍റെ പുത്രന്മാരെ സഹായിക്കുന്നതും 29കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും 30രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും 31യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണമായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും 32സമാഗമനകൂടാരത്തിന്‍റെ കാര്യവും വിശുദ്ധസ്ഥലത്തിന്‍റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ദിന. 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.