1 ദിനവൃത്താന്തം 21:7-17

1 ദിനവൃത്താന്തം 21:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ട് അവൻ യിസ്രായേലിനെ ബാധിച്ചു. അപ്പോൾ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു. യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ ചെന്നു ദാവീദിനോട്, ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടൂ എന്ന് ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കൈയിൽതന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേർ വീണുപോയി. ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ട് ആ അനർഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിനരികെ നില്ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധയ്ക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.

1 ദിനവൃത്താന്തം 21:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന് ഇത് അനിഷ്ടമായിരുന്നതിനാൽ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു. ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ ഈ കാര്യം ചെയ്കയാൽ വലിയ പാപം ചെയ്തുപോയി; അടിയനോടു ക്ഷമിക്കണമേ; വലിയ ഭോഷത്തമാണ് ഞാൻ ചെയ്തത്.” സർവേശ്വരൻ ദാവീദിന്റെ പ്രവാചകനായ ഗാദിനോടു അരുളിച്ചെയ്തു: “ദാവീദിനോടു പറയുക: “ഞാൻ പറയുന്ന മൂന്നു കാര്യങ്ങളിൽ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാൻ നിന്നോടു പ്രവർത്തിക്കും.” ഗാദ് ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിനക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. ഒന്നുകിൽ മൂന്നു വർഷത്തെ ക്ഷാമം; അല്ലെങ്കിൽ നിന്റെ ശത്രുക്കളുടെ മൂന്നു മാസത്തെ ആക്രമണവും സമൂലനാശവും; അതുമല്ലെങ്കിൽ മൂന്നു ദിവസത്തേക്കു സർവേശ്വരന്റെ വാൾകൊണ്ടുള്ള സംഹാരം. ഈ മൂന്നു നാളുകളിൽ ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ സർവേശ്വരന്റെ ദൂതൻ മഹാമാരിയാകുന്ന വാൾകൊണ്ട് സംഹാരം നടത്തും. എന്നെ അയച്ചവന് എന്തു മറുപടി കൊടുക്കണമെന്നു തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമസന്ധിയിൽപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളിൽ വീഴുന്നതിനെക്കാൾ സർവേശ്വരന്റെ കരങ്ങളിൽ വീഴുന്നതാണു ഭേദം. അവിടുത്തെ കാരുണ്യം വളരെ വലുതാണല്ലോ.” സർവേശ്വരൻ ഇസ്രായേലിൽ ഒരു മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യർ മരിച്ചുവീണു. യെരൂശലേമിനെ നശിപ്പിക്കാൻ ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോൾ സർവേശ്വരൻ മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്റെ കരം പിൻവലിക്കുക.” അവിടുത്തെ ദൂതൻ അപ്പോൾ യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിനടുത്തു നില്‌ക്കുകയായിരുന്നു. ദാവീദ് ശിരസ്സുയർത്തി നോക്കിയപ്പോൾ സർവേശ്വരന്റെ ദൂതൻ യെരൂശലേമിനെതിരെ വാളുയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തിനും ഭൂമിക്കും മധ്യേ നില്‌ക്കുന്നതു കണ്ടു. ഉടൻതന്നെ ദാവീദും ജനനേതാക്കളും ചാക്കുടുത്ത് സാഷ്ടാംഗം വീണു. ദാവീദു ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ജനസംഖ്യ എടുക്കാൻ കല്പിച്ചതു ഞാനല്ലയോ? തെറ്റു ചെയ്ത പാപി ഞാനാണ്. സാധുക്കളായ ഈ ജനം എന്തു തെറ്റു ചെയ്തു? എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ കരം എനിക്കും എന്റെ പിതൃഭവനത്തിനും എതിരായിക്കൊള്ളട്ടെ; അവിടുത്തെ ജനത്തെ ഈ മഹാമാരിയിൽനിന്നു മോചിപ്പിക്കണമേ.”

1 ദിനവൃത്താന്തം 21:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ശിക്ഷിച്ചു. അപ്പോൾ ദാവീദ് ദൈവത്തോട്: “ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്‍റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി” എന്നു പറഞ്ഞു. യഹോവ ദാവീദിന്‍റെ ദർശകനായ ഗാദിനോടു ഇപ്രകാരം അരുളിച്ചെയ്തു: “നീ ചെന്നു ദാവീദിനോട്: ‘ഞാൻ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്ന് തിരഞ്ഞെടുത്തുകൊൾക; അത് ഞാൻ നിന്നോട് ചെയ്യും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുക. അങ്ങനെ ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്നു അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മൂന്നു വർഷത്തെ ക്ഷാമമോ, നിന്‍റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നുമാസം നിന്‍റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നുദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽ ദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടിയാണ് പറയേണ്ടത് എന്നു ആലോചിച്ചുനോക്കുക” എന്നു പറഞ്ഞു. ദാവീദ് ഗാദിനോട്: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവന്‍റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്‍റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു പറഞ്ഞു. അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേർ വീണുപോയി. ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിക്കുവാൻ തുടങ്ങുമ്പോൾ യഹോവ കണ്ടു, ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശം വരുത്തുന്ന ദൂതനോട്: “മതി, നിന്‍റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തലപൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചും കൊണ്ടു ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നില്ക്കുന്നതു കണ്ടു. ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോട്: “ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, അവിടുത്തെ കൈ ബാധക്കായിട്ടു അവിടുത്തെ ജനത്തിന്മേൽ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ” എന്നു പറഞ്ഞു.

1 ദിനവൃത്താന്തം 21:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവൻ യിസ്രായേലിനെ ബാധിച്ചു. അപ്പോൾ ദാവീദ് ദൈവത്തോടു: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു. യഹോവ ദാവീദിന്റെ ദർശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാൾ നിന്നെ തുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതൻ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു. ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. അങ്ങനെ യഹോവ ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരംപേർ വീണുപോയി. ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ടു ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതൻ വാൾ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നില്ക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാൻ പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാൻ ആകുന്നു; ഈ ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.

1 ദിനവൃത്താന്തം 21:7-17 സമകാലിക മലയാളവിവർത്തനം (MCV)

ദാവീദിന്റെ ഈ കൽപ്പന ദൈവമുമ്പാകെ ദുഷ്ടതനിറഞ്ഞതും ആയിരുന്നു; അതുകൊണ്ട് ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു. അപ്പോൾ ദാവീദ് ദൈവത്തോടു പ്രാർഥിച്ചു: “ഞാൻ ഇതുമൂലം കൊടിയ പാപംചെയ്തിരിക്കുന്നു; ഇപ്പോൾ അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.” ദാവീദിന്റെ ദർശകനായ ഗാദിനോട് യഹോവ അരുളിച്ചെയ്തു: ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ” അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “യഹോവ അരുളിച്ചെയ്യുന്നു; ‘ഇഷ്ടമുള്ളതു നീ തെരഞ്ഞെടുക്കുക! മൂന്നുവർഷത്തേക്കു ക്ഷാമം, മൂന്നുമാസം നിന്റെ ശത്രുക്കളുടെ വാൾ നിന്നെ കീഴടക്കി നീ അവരുടെമുമ്പിൽനിന്ന് പലായനംചെയ്യുക, അല്ലെങ്കിൽ മൂന്നുദിവസം യഹോവയുടെ വാൾ, യഹോവയുടെ ദൂതൻ ഇസ്രായേലിൽ എല്ലായിടവും നാശം വിതച്ചുകൊണ്ട് ദേശത്തു മഹാമാരിയുടെ മൂന്നു ദിനങ്ങൾ,’ എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. ഞാൻ യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!” അങ്ങനെ യഹോവ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു; ഇസ്രായേലിൽ എഴുപതിനായിരംപേർ മരിച്ചുവീണു. ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ നിൽക്കുകയായിരുന്നു. ദാവീദ് മേൽപ്പോട്ടു നോക്കി; യഹോവയുടെ ദൂതൻ ജെറുശലേമിനുനേരേ ഊരിപ്പിടിച്ചവാളും ഓങ്ങി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നതു കണ്ടു. അപ്പോൾ ദാവീദും ഇസ്രായേൽനേതാക്കന്മാരും, ചാക്കുശീല ധരിച്ചുകൊണ്ട്, മുഖം താഴ്ത്തി വീണു. ദാവീദ് ദൈവത്തോട് നിലവിളിച്ചു: “യോദ്ധാക്കളെ എണ്ണുന്നതിന് ആജ്ഞ കൊടുത്ത് തെറ്റുചെയ്തവൻ ഞാനല്ലയോ? പാപം ചെയ്തത് ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ! അങ്ങയുടെ ജനത്തിന്മേൽ ഈ മഹാമാരി വരുത്തരുതേ!”