1 ദിനവൃത്താന്തം 21:7-17

1 ദിനവൃത്താന്തം 21:7-17 MCV

ദാവീദിന്റെ ഈ കൽപ്പന ദൈവമുമ്പാകെ ദുഷ്ടതനിറഞ്ഞതും ആയിരുന്നു; അതുകൊണ്ട് ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു. അപ്പോൾ ദാവീദ് ദൈവത്തോടു പ്രാർഥിച്ചു: “ഞാൻ ഇതുമൂലം കൊടിയ പാപംചെയ്തിരിക്കുന്നു; ഇപ്പോൾ അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.” ദാവീദിന്റെ ദർശകനായ ഗാദിനോട് യഹോവ അരുളിച്ചെയ്തു: ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ” അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “യഹോവ അരുളിച്ചെയ്യുന്നു; ‘ഇഷ്ടമുള്ളതു നീ തെരഞ്ഞെടുക്കുക! മൂന്നുവർഷത്തേക്കു ക്ഷാമം, മൂന്നുമാസം നിന്റെ ശത്രുക്കളുടെ വാൾ നിന്നെ കീഴടക്കി നീ അവരുടെമുമ്പിൽനിന്ന് പലായനംചെയ്യുക, അല്ലെങ്കിൽ മൂന്നുദിവസം യഹോവയുടെ വാൾ, യഹോവയുടെ ദൂതൻ ഇസ്രായേലിൽ എല്ലായിടവും നാശം വിതച്ചുകൊണ്ട് ദേശത്തു മഹാമാരിയുടെ മൂന്നു ദിനങ്ങൾ,’ എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.” ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. ഞാൻ യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!” അങ്ങനെ യഹോവ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു; ഇസ്രായേലിൽ എഴുപതിനായിരംപേർ മരിച്ചുവീണു. ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ നിൽക്കുകയായിരുന്നു. ദാവീദ് മേൽപ്പോട്ടു നോക്കി; യഹോവയുടെ ദൂതൻ ജെറുശലേമിനുനേരേ ഊരിപ്പിടിച്ചവാളും ഓങ്ങി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നതു കണ്ടു. അപ്പോൾ ദാവീദും ഇസ്രായേൽനേതാക്കന്മാരും, ചാക്കുശീല ധരിച്ചുകൊണ്ട്, മുഖം താഴ്ത്തി വീണു. ദാവീദ് ദൈവത്തോട് നിലവിളിച്ചു: “യോദ്ധാക്കളെ എണ്ണുന്നതിന് ആജ്ഞ കൊടുത്ത് തെറ്റുചെയ്തവൻ ഞാനല്ലയോ? പാപം ചെയ്തത് ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ! അങ്ങയുടെ ജനത്തിന്മേൽ ഈ മഹാമാരി വരുത്തരുതേ!”