1 ദിനവൃത്താന്തം 16:1-11
1 ദിനവൃത്താന്തം 16:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. അവൻ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു. അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി. അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ: യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവനു പാടി കീർത്തനം ചെയ്വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
1 ദിനവൃത്താന്തം 16:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടു വന്നു ദാവീദ് തയ്യാറാക്കിയിരുന്ന കൂടാരത്തിൽ വച്ചു. പിന്നീട് അവർ ദൈവസന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ദാവീദ് സർവേശ്വരന്റെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. സ്‍ത്രീപുരുഷഭേദമെന്യേ ഇസ്രായേൽജനത്തിൽ ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയും കൊടുത്തു. സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും സ്തുതിസ്തോത്രങ്ങൾ അർപ്പിക്കാനുമായി ദാവീദ് ഏതാനും ലേവ്യരെ നിയമിച്ചു. അവരിൽ ആസാഫ് ആയിരുന്നു പ്രമുഖൻ. അയാൾക്കു സഹായികളായി സെഖര്യാ, യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാ, എലീയാബ്, ബെനായാ, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വീണയും കിന്നരവും വായിക്കാനും ആസാഫിനെ ഇലത്താളം കൊട്ടാനും നിയമിച്ചു. പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പിൽ ഇടവിടാതെ കാഹളം ഊതാൻ നിയോഗിക്കപ്പെട്ടു. സർവേശ്വരനു സ്തോത്രഗീതം ആലപിക്കാൻ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി. സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ! അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിൻ, അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ! അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ! സർവേശ്വരനെ ആരാധിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ!
1 ദിനവൃത്താന്തം 16:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചു കൊടുത്തു. അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്റെ മുമ്പിൽ പതിവായി കാഹളം ഊതി. ദാവീദ് അന്നു തന്നെ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്‍റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി: യഹോവയ്ക്കു സ്തോത്രം ചെയ്തു; അവിടുത്തെ നാമത്തെ ആരാധിപ്പിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ. അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിക്കുവിൻ.
1 ദിനവൃത്താന്തം 16:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു. അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി. അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ: യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്നു പാടി കീർത്തനം ചെയ്വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
1 ദിനവൃത്താന്തം 16:1-11 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു. ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു. പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു. അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു. യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക. അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.