1 ദിനവൃത്താന്തം 16:1-11

1 ദിനവൃത്താന്തം 16:1-11 MCV

ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു. ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു. ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു. പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു. അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു. യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക. അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.