1 ദിനവൃത്താന്തം 14:8-17

1 ദിനവൃത്താന്തം 14:8-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി. ഫെലിസ്ത്യർ വന്നു രെഫായീംതാഴ്‌വരയിൽ പരന്നു. അപ്പോൾ ദാവീദ് ദൈവത്തോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ അവർ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു. എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദു കല്പിച്ചു. ഫെലിസ്ത്യർ പിന്നെയും താഴ്‌വരയിൽ വന്നു പരന്നു. ദാവീദ് പിന്നെയും ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോട്: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരേ അവരുടെ നേരേ ചെല്ലുക. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു. ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവർ ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു. ദാവീദിന്റെ കീർത്തി സകല ദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവജാതികൾക്കും വരുത്തുകയും ചെയ്തു.

1 ദിനവൃത്താന്തം 14:8-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദ് ഇസ്രായേൽരാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അദ്ദേഹത്തെ ആക്രമിക്കാൻ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി. ഫെലിസ്ത്യർ രെഫായീംതാഴ്‌വര ആക്രമിച്ചു. അപ്പോൾ ദാവീദ് സർവേശ്വരനോട് “ഫെലിസ്ത്യരെ ഞാൻ എതിരിടണമോ? അവരെ എന്റെ കൈയിൽ ഏല്പിക്കുമോ?” എന്നു ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “പുറപ്പെടുക, ഫെലിസ്ത്യരെ നിന്റെ കൈയിൽ ഞാൻ ഏല്പിച്ചിരിക്കുന്നു.” ദാവീദ് ബാൽ-പെരാസീമിലേക്കു പുറപ്പെട്ടു; അവിടെവച്ച് അവരെ തോല്പിച്ചു. “പെരുവെള്ളപ്പാച്ചിൽ കൊണ്ടെന്നപോലെ സർവേശ്വരൻ എന്റെ മുമ്പിൽ ശത്രുക്കളെ ചിതറിച്ചു” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ആ സ്ഥലത്തിനു ബാൽപെരാസീം എന്നു പേരുണ്ടായി. ഫെലിസ്ത്യർ തങ്ങളുടെ ദേവവിഗ്രഹങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി. ഫെലിസ്ത്യർ വീണ്ടും താഴ്‌വര ആക്രമിച്ചു. അപ്പോഴും ദാവീദ് സർവേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ അവരെ പിന്തുടരാതെ മറുവഴി ചെന്നു ബാൾസാമരങ്ങളുടെ സമീപത്തുവച്ച് അവരെ ആക്രമിക്കുക. പടനീക്കത്തിന്റെ ശബ്ദം ബാൾസാമരത്തലപ്പുകളുടെ മുകളിലൂടെ കേൾക്കുമ്പോൾ അവർക്കെതിരെ പടയ്‍ക്ക് പുറപ്പെടുക. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാൻ ഞാൻ നിങ്ങൾക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവർത്തിച്ചു. ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യരെ കൊന്നൊടുക്കി. ദാവീദിന്റെ കീർത്തി സകല ദേശങ്ങളിലും പരന്നു. സകല ജനതകളും അദ്ദേഹത്തെ ഭയപ്പെടാൻ സർവേശ്വരൻ ഇടയാക്കി.

1 ദിനവൃത്താന്തം 14:8-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എല്ലാ യിസ്രായേലിനും രാജാവായി ദാവീദിനെ അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, അവർ ദാവീദിനെ പിടിക്കുവാൻ ചെന്നു; ദാവീദ് അത് കേട്ടു അവർക്കെതിരെ ചെന്നു. ഫെലിസ്ത്യർ വന്നു രെഫയീം താഴ്വരയിൽ അണിനിരന്നു. അപ്പോൾ ദാവീദ് ദൈവത്തോട് “ഞാൻ ഫെലിസ്ത്യർക്കെതിരെ പുറപ്പെടണമോ? അവരെ എന്‍റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പുറപ്പെടുക; ഞാൻ അവരെ നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: “വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കയ്യാൽ തകർത്തുകളഞ്ഞു” എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു. എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ചു; അവയെ തീയിലിട്ടു ചുട്ടുകളയുവാൻ ദാവീദ് കല്പിച്ചു. ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ അണിനിരന്നു. ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോട്: “അവരുടെ പിന്നാലെ ചെല്ലാതെ അവരെ വളഞ്ഞ്, ബാഖാവൃക്ഷങ്ങൾക്കെതിരേ അവരുടെ നേരെ ചെല്ലുക. അവർ ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ശബ്ദം കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിക്കുവാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്നു അരുളിച്ചെയ്തു. ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു. ദാവീദിന്‍റെ കീർത്തി സകലദേശങ്ങളിലും വ്യാപിച്ചു. യഹോവ, ദാവീദിനെക്കുറിച്ചുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

1 ദിനവൃത്താന്തം 14:8-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പിൽനിന്നു ഒഴിഞ്ഞുപോയി. ഫെലിസ്ത്യർ വന്നു രെഫായീംതാഴ്‌വരയിൽ പരന്നു. അപ്പോൾ ദാവീദ് ദൈവത്തോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടു: പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു. എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദ് കല്പിച്ചു. ഫെലിസ്ത്യർ പിന്നെയും താഴ്‌വരയിൽ വന്നു പരന്നു. ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു; ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു. ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

1 ദിനവൃത്താന്തം 14:8-17 സമകാലിക മലയാളവിവർത്തനം (MCV)

സമസ്തഇസ്രായേലിനും രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് അവരെ നേരിടാൻ പുറപ്പെട്ടു. ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു. അതിനാൽ ദാവീദ് ദൈവത്തോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, ഞാൻ അവരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.” അതിനാൽ ദാവീദും സൈന്യവും ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “ദൈവം, എന്റെ കൈകൾമൂലം, വെള്ളച്ചാട്ടംപോലെ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേരായി. ഫെലിസ്ത്യർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. അതുകൊണ്ട് ആ വിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടുകളയാൻ ദാവീദ് ഉത്തരവിട്ടു. ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ താഴ്വരയിൽ അണിനിരന്നു. ദാവീദ് വീണ്ടും ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ ദൈവം ദാവീദിനോട്: “നിങ്ങൾ നേരേകയറി ചെല്ലരുത്; പിന്നെയോ, അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച് ആക്രമിക്കുക. ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ യുദ്ധത്തിനു പുറപ്പെടുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ ദൈവം നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു. അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു. അങ്ങനെ ദാവീദിന്റെ കീർത്തി എല്ലാ നാടുകളിലും പരന്നു. സകലരാഷ്ട്രങ്ങളും ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടയാക്കി.