1 ദിനവൃത്താന്തം 1:43-54
1 ദിനവൃത്താന്തം 1:43-54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിനു ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവനു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി. ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി. ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ എദോമ്യപ്രഭുക്കന്മാർ.
1 ദിനവൃത്താന്തം 1:43-54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിൽ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ് എദോമിൽ ഭരണം നടത്തിയ രാജാക്കന്മാർ: ബെയോരിന്റെ പുത്രനും ദിൻഹാബാ പട്ടണക്കാരനുമായ ബേല. ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ പുത്രൻ യോബാബ്. യോബാബിന്റെ മരണശേഷം തേമാദേശക്കാരനായ ഹൂശാം; ഹൂശാമിന്റെ മരണശേഷം ബദദിന്റെ പുത്രൻ ഹദദ്. അവീത്ത് പട്ടണക്കാരനായ ഇവൻ മോവാബ് ദേശത്തുവച്ചു മിദ്യാന്യരെ തോല്പിച്ചു. ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ലാ. സമ്ലായുടെ മരണശേഷം യൂഫ്രട്ടീസ്നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരൻ ശൗൽ. ശൗലിന്റെ മരണശേഷം അക്ബോരിന്റെ പുത്രൻ ബാൽഹാനാൻ. ബാൽഹാനാന്റെ മരണശേഷം പായീ പട്ടണക്കാരനായ ഹദദ് രാജാവായി. അവന്റെ ഭാര്യ മേസാഹാബിന്റെ പൗത്രിയും മത്രേദിന്റെ പുത്രിയുമായ മെഹേതബേൽ ആയിരുന്നു. ഹദദിന്റെ മരണശേഷം എദോം ഭരിച്ച പ്രഭുക്കന്മാർ: തിമ്ന, അല്യാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പീനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദീയേൽ, ഈരാം.
1 ദിനവൃത്താന്തം 1:43-54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി. ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേർ. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി. ശൗല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.
1 ദിനവൃത്താന്തം 1:43-54 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി. യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി. ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി. ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു. ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
1 ദിനവൃത്താന്തം 1:43-54 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു. ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു. യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി. ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്. ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി. സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി. ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി. ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു: തിമ്നാ, അല്വാ, യെഥേത്ത്, ഒഹൊലീബാമാ, ഏലാ, പീനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദീയേൽ, ഈരാം. ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.