രൂത്ത് 1
1
നവൊമിക്ക് ഭർത്താവും പുത്രന്മാരും നഷ്ടപ്പെടുന്നു
1ന്യായാധിപന്മാരുടെ ഭരണകാലത്ത് ഇസ്രായേലിൽ ദേശവ്യാപകമായ ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യെഹൂദ്യയിലെ ബേത്ലഹേംകാരനായ ഒരാൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബുരാജ്യത്ത് കുറച്ചുകാലത്തേക്കു താമസിക്കാൻ പുറപ്പെട്ടു. 2ആ പുരുഷന്റെ പേര് എലീമെലെക്ക് എന്നും ഭാര്യയുടെ പേര് നവൊമി എന്നുമായിരുന്നു. അവരുടെ പുത്രന്മാരുടെ പേര് മഹ്ലോൻ എന്നും കില്യോൻ എന്നും ആയിരുന്നു. അവർ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു. അവർ മോവാബിൽച്ചെന്ന് അവിടെ താമസമാക്കി.
3കുറച്ചുനാളുകൾക്കുശേഷം നവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. നവൊമിയും രണ്ടു പുത്രന്മാരുംമാത്രം ശേഷിച്ചു. 4അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു. 5അതിനുശേഷം മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ ഭർത്താവും രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടവളായി നവൊമിമാത്രം ശേഷിച്ചു.
നവൊമിയും രൂത്തും ബേത്ലഹേമിലേക്കു തിരിക്കുന്നു
6യഹോവ തന്റെ ജനത്തിന് നല്ല വിളവുനൽകി അനുഗ്രഹിച്ചു എന്ന് നവൊമി മോവാബിൽവെച്ച് അറിഞ്ഞപ്പോൾ അവരും മരുമക്കളും സ്വദേശത്തേക്കു മടങ്ങാൻ തയ്യാറെടുത്തു. 7അങ്ങനെ രണ്ടു മരുമക്കളോടുമൊപ്പം നവൊമി താമസസ്ഥലമായ മോവാബുദേശം വിട്ട് യെഹൂദ്യയിലേക്കുള്ള വഴിയിലൂടെ യാത്രതിരിച്ചു.
8എന്നാൽ വഴിമധ്യേ നവൊമി തന്റെ രണ്ടു മരുമക്കളോടും ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ കരുണകാണിച്ചതുപോലെ യഹോവ നിങ്ങളോടും കരുണകാണിക്കട്ടെ. 9നിങ്ങൾ ഓരോരുത്തരും വിവാഹിതരായി നിങ്ങളുടെ ഭർത്തൃഗൃഹത്തിൽ സുരക്ഷിതരായിരിക്കാൻ യഹോവ സഹായിക്കട്ടെ.”
ഇതു പറഞ്ഞിട്ട് യാത്രയയയ്ക്കുന്നതിനായി നവൊമി അവരെ ചുംബിച്ചു. എന്നാൽ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട്, 10“ഇല്ല, അമ്മയോടുകൂടെ അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു” എന്നു പറഞ്ഞു.
11എന്നാൽ നവൊമി പറഞ്ഞു: “എന്റെ മക്കളേ, നിങ്ങൾ തിരികെപ്പൊയ്ക്കൊള്ളൂ, എന്തിനാണ് നിങ്ങൾ എന്നോടൊപ്പം വരുന്നത്? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ ഇനിയും എനിക്കു മക്കളുണ്ടാകുമോ? 12എന്റെ മക്കളേ, തിരികെ ഭവനത്തിലേക്കു പോയ്ക്കൊള്ളൂ; എനിക്കു മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ പ്രായം കഴിഞ്ഞുപോയി. ഇനിയും അങ്ങനെ ആഗ്രഹിച്ചിട്ട്—ഇന്നു രാത്രി ഒരു ഭർത്താവിനെ സ്വീകരിച്ച് എനിക്കു പുത്രന്മാരുണ്ടായാൽപോലും— 13അവർക്ക് പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? അവർക്കുവേണ്ടി നിങ്ങൾ അവിവാഹിതരായി തുടരുമോ? എന്റെ മക്കളേ, അങ്ങനെയല്ല, യഹോവതന്നെ#1:13 മൂ.ഭാ. യഹോവയുടെ ഭുജം എനിക്കെതിരേ തിരിഞ്ഞതിനാൽ, ഞാൻ നിങ്ങളെക്കാളധികം കയ്പ് അനുഭവിച്ചവളായിത്തീർന്നിരിക്കുന്നു.”
14ഇതു കേട്ടപ്പോൾ അവർ പിന്നെയും പൊട്ടിക്കരഞ്ഞു. അപ്പോൾ ഓർപ്പാ അമ്മായിയമ്മയെ ചുംബിച്ചതിനുശേഷം യാത്രയായി; എന്നാൽ രൂത്ത് അവളോടു ചേർന്നുനിന്നു.
15അപ്പോൾ നവൊമി: “നോക്കൂ, നിന്റെ നാത്തൂൻ അവളുടെ ജനത്തിന്റെയും അവളുടെ ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോകുന്നു; അവളെപ്പോലെതന്നെ നീയും പോകുക” എന്നു പറഞ്ഞു.
16അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. 17അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.” 18രൂത്ത്, തന്നോടുകൂടെ പോരുന്നു എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നു മനസ്സിലാക്കിയ നവൊമി പിന്നീട് അവളെ മടങ്ങിപ്പോകാൻ നിർബന്ധിച്ചതുമില്ല.
19അങ്ങനെ അവർ ബേത്ലഹേമിൽ എത്തുന്നതുവരെ യാത്രതുടർന്നു. അവർ ബേത്ലഹേമിൽ എത്തിയപ്പോൾ, അവർകാരണം പട്ടണം ഇളകി; “ഇവൾ നവൊമിതന്നെയോ?” എന്നു സ്ത്രീകൾ അത്ഭുതത്തോടെ ചോദിച്ചു.
20അവൾ അവരോടു പറഞ്ഞു: “എന്നെ നവൊമി#1:20 സന്തോഷകരം എന്നർഥം. എന്നല്ല മാറാ#1:20 കയ്പ് എന്നർഥം. എന്നാണ് വിളിക്കേണ്ടത്; കാരണം, സർവശക്തൻ എന്റെ ജീവിതം വളരെ കയ്പുള്ളതാക്കിയിരിക്കുന്നു. 21ഞാൻ നിറഞ്ഞവളായി പോയി, എന്നാൽ യഹോവ എന്നെ ഒന്നുമില്ലാത്തവളായി തിരികെ കൊണ്ടുവന്നിരിക്കുന്നു. എന്തിന് എന്നെ നവൊമി എന്നു വിളിക്കുന്നു? യഹോവ എന്നെ കഷ്ടത്തിലാക്കി; സർവശക്തൻ എന്റെമേൽ അത്യാഹിതം വരുത്തിയിരിക്കുന്നു.#1:21 അഥവാ, സർവശക്തൻ എനിക്കെതിരേ സാക്ഷി പറഞ്ഞിരിക്കുന്നു.”
22ഇങ്ങനെ നവൊമി മൊവാബ്യസ്ത്രീയായ മരുമകൾ രൂത്തിനോടൊപ്പം മോവാബിൽനിന്നു മടങ്ങി; യവക്കൊയ്ത്തിന്റെ ആരംഭത്തിൽ അവർ ബേത്ലഹേമിൽ എത്തിച്ചേർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
രൂത്ത് 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.