ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്. പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു.
റോമർ 8 വായിക്കുക
കേൾക്കുക റോമർ 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 8:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ