വെളിപ്പാട് 22:12-21

വെളിപ്പാട് 22:12-21 MCV

“ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്. ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു. “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ. “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.” ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ. ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും. ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും. ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ. കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.