സങ്കീർത്തനങ്ങൾ 90
90
നാലാംപുസ്തകം
സങ്കീർത്തനങ്ങൾ 90–106
സങ്കീർത്തനം 90
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.
1കർത്താവേ, തലമുറതലമുറയായി
അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.
2പർവതങ്ങൾ ജനിക്കുന്നതിനും
ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ,
അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു.
3“മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്,
അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു.
4ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ
ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ
രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
5പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ
അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു.
6രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു,
എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു.
7അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും
അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു.
8അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും
ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു.
9ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു;
ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു.
10ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം,
കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ;
എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ,
അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു.
11അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക?
അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ.
12ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,
ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.
13യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും?
അവിടത്തെ സേവകരോട് കനിവു തോന്നണമേ.
14അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ,
അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.
15അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും
ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ.
16അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും
അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ.
17ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം#90:17 അഥവാ, സൗന്ദര്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ—
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 90: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.