യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ; അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ. എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന, എന്റെ അഭയമാകുന്ന പാറയാകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ. എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ. കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ, എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം. ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു; അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്. ഞാൻ അങ്ങയെ സദാ സ്തുതിക്കും. ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു; എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം. എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു, ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു. ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ; എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു; അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു. “ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു; അയാളെ പിൻതുടർന്ന് പിടികൂടാം, ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു. ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ. എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ; എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ. എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും; ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും. ദിവസംമുഴുവനും എന്റെ വായ് അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും— അവ എന്റെ അറിവിന് അതീതമാണല്ലോ. കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും; അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.
സങ്കീർത്തനങ്ങൾ 71 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 71
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 71:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ