സങ്കീർത്തനങ്ങൾ 60
60
സങ്കീർത്തനം 60
ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും#60:0 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. അരാം-സോബരോടും#60:0 അതായത്, സിറിയയുടെ മധ്യഭാഗത്തുള്ള അരാമ്യർ. യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്.
1ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ;
അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ.
2അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു;
അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു.
3അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു;
അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു
ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. സേലാ.
5ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,
അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
6ദൈവം തിരുനിവാസത്തിൽനിന്ന്#60:6 അഥവാ, വിശുദ്ധിയിൽനിന്നും അരുളിച്ചെയ്യുന്നു:
“ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും
സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
7ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;
എഫ്രയീം എന്റെ ശിരോകവചവും
യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
9കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?
ഏദോമിലേക്ക് എന്നെ ആര് നയിക്കും?
10ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്!
ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
11ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,
മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
12ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,
അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.#60:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 60: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.