സങ്കീർത്തനങ്ങൾ 147:8-17

സങ്കീർത്തനങ്ങൾ 147:8-17 MCV

അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു. അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു. കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല; തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും. ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക. അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു. അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു. അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു. അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?