സങ്കീർത്തനങ്ങൾ 147:8-17
സങ്കീർത്തനങ്ങൾ 147:8-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു. ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. അശ്വബലത്തിൽ അവന് ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല. തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക. അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവൻ ആർ?
സങ്കീർത്തനങ്ങൾ 147:8-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ആകാശത്തെ മേഘംകൊണ്ടു മൂടുന്നു അവിടുന്നു ഭൂമിക്കു മഴ നല്‌കുന്നു. മലകളിൽ പുല്ലു മുളപ്പിക്കുന്നു. അവിടുന്നു മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നല്‌കുന്നു. അശ്വബലത്തിലോ യോദ്ധാക്കളുടെ ഭുജബലത്തിലോ അവിടുന്നു സന്തോഷിക്കുന്നില്ല. അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ശരണപ്പെടുകയും ചെയ്യുന്നവരിലാണ് സർവേശ്വരൻ പ്രസാദിക്കുന്നത്. യെരൂശലേമേ, സർവേശ്വരനെ സ്തുതിക്കുക, സീയോനേ, നിന്റെ ദൈവത്തെ പ്രകീർത്തിക്കുക. അവിടുന്നു നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ഉറപ്പിക്കുന്നു. നിന്റെ കോട്ടയ്‍ക്കുള്ളിലെ ജനത്തെ അവിടുന്നു അനുഗ്രഹിക്കുന്നു. അവിടുന്നു നിന്റെ അതിർത്തികളിൽ സമാധാനം കൈവരുത്തുന്നു. മേത്തരം കോതമ്പുകൊണ്ടു നിനക്കു തൃപ്തി വരുത്തുന്നു. സർവേശ്വരൻ ഭൂമിയിലേക്ക് ആജ്ഞ അയയ്‍ക്കുന്നു. അവിടുത്തെ വചനം പാഞ്ഞെത്തുന്നു. അവിടുന്നു പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. ചാരംപോലെ തൂമഞ്ഞ് വിതറുന്നു. അവിടുന്ന് മഞ്ഞുകട്ട അപ്പംപോലെ വീഴ്ത്തുന്നു. അവിടുന്ന് അയയ്‍ക്കുന്ന ശൈത്യം സഹിച്ചുനില്‌ക്കാൻ ആർക്കു കഴിയും?
സങ്കീർത്തനങ്ങൾ 147:8-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; ദൈവം നിന്‍റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്‍റെ അകത്ത് നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. കർത്താവ് നിന്‍റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. ദൈവം തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു. ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്‍റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
സങ്കീർത്തനങ്ങൾ 147:8-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല. തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക; അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു. അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
സങ്കീർത്തനങ്ങൾ 147:8-17 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു. അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു. കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല; തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും. ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക. അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു. അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു. അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു. അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?