ഫിലേമോൻ 1

1
1ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്,
ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും 2ഞങ്ങളുടെ സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹസൈനികനായ അർഹിപ്പൊസിനും നിന്റെ ഭവനത്തിൽ കൂടിവരുന്ന സഭയ്ക്കും, എഴുതുന്നത്:
3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
സ്തോത്രവും പ്രാർഥനയും
4-6കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു 7സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാ ആനന്ദവും ആശ്വാസവും തന്നിരിക്കുന്നു.
ഒനേസിമൊസിനുവേണ്ടിയുള്ള അപേക്ഷ
8ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ#1:8 അതായത്, ക്രിസ്തുവിന്റെ നാമത്തിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; 9വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, 10കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച#1:10 അതായത്, ക്രിസ്തുവിനെ രക്ഷകനായ അംഗീകരിച്ച. എന്റെ മകൻ ഒനേസിമൊസിനു#10 പ്രയോജനമുള്ളവൻ എന്നർഥം. ഫിലേമോനോടുള്ള അവിശ്വസ്തതനിമിത്തം തടവിലാക്കപ്പെട്ട ഒരു ദാസനാണ് ഒനേസിമോസ്. വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. 11മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു.
12എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു. 13സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 14നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. 15അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം. 16ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ!
17അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക. 18അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെ പേരിൽ കണക്കാക്കുക. 19പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. 20അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്. 21ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.
22മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്കയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം.
23ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു.
24അങ്ങനെതന്നെ എന്റെ കൂട്ടുവേലക്കാരനായ മർക്കോസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
25കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ#1:25 അതായത്, നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഫിലേമോൻ 1: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

ഫിലേമോൻ 1 - നുള്ള വീഡിയോ