സംഖ്യ 3

3
ലേവ്യർ
1സീനായിമലയിൽ യഹോവ മോശയോടു സംസാരിച്ച കാലത്ത് അഹരോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു:
2അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 3പൗരോഹിത്യശുശ്രൂഷചെയ്യാൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അഹരോന്റെ പുത്രന്മാരായ അഭിഷിക്തപുരോഹിതന്മാരുടെ പേരുകൾ ഇവതന്നെ. 4ഇവരിൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ച് യഹോവയുടെ തിരുമുമ്പാകെ അന്യാഗ്നി കൊണ്ടുവന്നതു നിമിത്തം അവിടെ വീണ് മരിച്ചുപോയിരുന്നു. അവർക്കു പുത്രന്മാരില്ലായിരുന്നു; അതുകൊണ്ട് എലെയാസാരും ഈഥാമാരുംമാത്രമാണ് തങ്ങളുടെ പിതാവായ അഹരോന്റെ കാലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തത്.
5യഹോവ മോശയോട് അരുളിച്ചെയ്തു: 6“പുരോഹിതനായ അഹരോനെ സഹായിക്കുന്നതിനായി ലേവിഗോത്രത്തെ കൂട്ടിവരുത്തുക. 7അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം. 8സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം. 9ലേവ്യരെ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കുമായി ഏൽപ്പിച്ചുകൊടുക്കുക; അദ്ദേഹത്തിനു#3:9 ചി.കൈ.പ്ര. എനിക്കു പരിപൂർണമായി ഏൽപ്പിക്കപ്പെടേണ്ട ഇസ്രായേല്യർ അവരാണ്. 10പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.”
11യഹോവ മോശയോടു വീണ്ടും പറഞ്ഞു: 12“എല്ലാ ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതന്മാർക്കു പകരമായി ഇസ്രായേല്യരിൽനിന്ന് ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. ലേവ്യർ എനിക്കുള്ളവരാകുന്നു, 13കാരണം സകല ആദ്യജാതന്മാരും എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിലെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോൾ ഇസ്രായേലിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒക്കെയും എനിക്കായി വേർതിരിച്ചു. അവർ എനിക്കുള്ളവർ; ഞാൻ യഹോവ ആകുന്നു.”
14യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു: 15“ലേവ്യരെ കുടുംബമായും പിതൃഭവനമായും എണ്ണണം. ഒരുമാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെയൊക്കെയും എണ്ണണം.” 16യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ അവരെ എണ്ണി.
17ലേവിയുടെ മക്കളുടെ പേരുകൾ ഇവയായിരുന്നു:
ഗെർശോൻ, കെഹാത്ത്, മെരാരി.
18കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ:
ലിബ്നി, ശിമെയി.
19കുടുംബം കുടുംബമായി കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
20കുടുംബം കുടുംബമായി മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.
പിതൃഭവനപ്രകാരം ലേവ്യകുടുംബങ്ങൾ ഇവയായിരുന്നു.
21ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ.
22ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500.
23ഗെർശോന്യകുലങ്ങൾ പടിഞ്ഞാറുഭാഗത്ത് സമാഗമകൂടാരത്തിനു പിന്നിൽ പാളയമടിക്കണം.
24ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു.
25സമാഗമകൂടാരത്തിൽ ഗെർശോന്യർ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നത് സമാഗമകൂടാരം, തിരുനിവാസം, അതിന്റെ മൂടുവിരികൾ, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല, 26കൂടാരാങ്കണകവാടത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റി അങ്കണകവാടത്തിലുള്ള മറശ്ശീല, അതിന്റെ കയറുകൾ, അതിന്റെ ഉപയോഗത്തിനുള്ള എല്ലാ അനുബന്ധ ഉപകരണങ്ങൾ എന്നിവ ആയിരുന്നു.
27അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നീ കുലങ്ങൾ കെഹാത്തിനുള്ളവയായിരുന്നു; ഇവയായിരുന്നു കെഹാത്യ പിതൃഭവനങ്ങൾ.
28ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 8,600.#3:28 ചില ഗ്രീക്കു പതിപ്പിൽ 8,300.
കെഹാത്യർക്കായിരുന്നു വിശുദ്ധമന്ദിരം സൂക്ഷിക്കുന്ന ചുമതല.
29കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്.
30കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിനു പ്രഭു ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ ആയിരുന്നു.
31പേടകം, മേശ, വിളക്കുതണ്ട്, യാഗപീഠങ്ങൾ, ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, മറശ്ശീല എന്നിവയും അവയുടെ ഉപയോഗത്തോടു ബന്ധപ്പെട്ട സകലതും ഈ നാലു കുലങ്ങളുടെ ചുമതലയിലായിരുന്നു.
32പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരായിരുന്നു ലേവ്യരുടെ പ്രധാന പ്രഭു. വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിനു ചുമതലപ്പെട്ടവരുടെ മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
33മഹ്ലീയരുടെയും മൂശ്യരുടെയും കുടുംബങ്ങൾ മെരാരിയിൽനിന്നുള്ളവയായിരുന്നു; ഇവയായിരുന്നു മെരാര്യകുടുംബങ്ങൾ.
34അവരിൽ ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങൾ 6,200.
35മെരാര്യകുടുംബങ്ങളുടെ പ്രഭു അബീഹയീലിന്റെ പുത്രൻ സൂരിയേലായിരുന്നു.
സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്ത് അവർ പാളയമടിക്കണം.
36സമാഗമകൂടാരത്തിന്റെ ചട്ടക്കൂടുകൾ, അതിന്റെ സാക്ഷകൾ, തൂണുകൾ, ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ സകലതും, 37കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
38മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്,#3:38 അതായത്, മുൻവശത്തേക്ക് സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം.
ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ.
വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു.
39യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും കുടുംബങ്ങൾ അനുസരിച്ച് എണ്ണിയ ലേവ്യർ, ഒരുമാസമോ അതിലധികമോ പ്രായമുള്ള സകല ആണുങ്ങളുടെയും എണ്ണം 22,000 ആയിരുന്നു.
40യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: “ഒരുമാസവും അതിലധികവും പ്രായമുള്ളവരായ ഇസ്രായേല്യരിലെ ആദ്യജാതരായ ആണുങ്ങളെ എല്ലാവരെയും എണ്ണി അവരുടെ പേരുകളുടെ ഒരു പട്ടിക തയ്യാറാക്കുക. 41ഇസ്രായേല്യരിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളിലെ സകലകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ യഹോവ ആകുന്നു.”
42അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ഇസ്രായേല്യരിലെ സകല ആദ്യജാതന്മാരെയും എണ്ണി. 43പട്ടികയിൽ പേരു ചേർത്ത ഒരുമാസമോ അതിലധികമോ പ്രായമുള്ള ആദ്യജാതരായ ആണുങ്ങൾ 22,273 ആയിരുന്നു.
44യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: 45“ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും, അവരുടെ കന്നുകാലികൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക. ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. ഞാൻ യഹോവ ആകുന്നു. 46ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരിൽ ലേവ്യപുരുഷന്മാരുടെ സംഖ്യയെ കവിയുന്ന 273 പേരും, വീണ്ടെടുപ്പുവിലയായി, 47ആളാംപ്രതി അഞ്ചുശേക്കേൽ#3:47 ഏക. 58 ഗ്രാം. വീതം വാങ്ങുക. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം, ശേക്കേൽ ഒന്നിന് ഇരുപതു ഗേരാവീതം വാങ്ങണം. 48ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇസ്രായേല്യരുടെ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും നൽകണം.”
49അങ്ങനെ ലേവ്യരാൽ വീണ്ടെടുക്കപ്പെട്ടവരുടെ എണ്ണത്തെ കവിയുന്നവരിൽനിന്ന് വീണ്ടെടുപ്പുവില മോശ വാങ്ങി. 50ഇസ്രായേല്യരുടെ ആദ്യജാതന്മാരിൽനിന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 1,365 ശേക്കേൽ#3:50 ഏക. 16 കി.ഗ്രാം. വെള്ളി അദ്ദേഹം വാങ്ങി. 51യഹോവയുടെ വചനത്താൽ തനിക്കു കൽപ്പന ലഭിച്ചതിൻപ്രകാരം മോശ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും കൊടുത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സംഖ്യ 3: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക