ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും? ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ. ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ. സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു. ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം. ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്. അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു. പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും! ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
മർക്കോസ് 3 വായിക്കുക
കേൾക്കുക മർക്കോസ് 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 3:22-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ