മർക്കൊസ് 3:22-35
മർക്കൊസ് 3:22-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിൽനിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂൽ ഉണ്ട്, ഭൂതങ്ങളുടെ തലവനെക്കൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അടുക്കെ വിളിച്ച് ഉപമകളാൽ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല. സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്ന് അവനെ വിളിപ്പാൻ ആളയച്ചു. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
മർക്കൊസ് 3:22-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ബേൽസബൂൽ ആണ് ഇയാളിലുള്ളത്; പിശാചുക്കളെ ഇറക്കാനുള്ള ശക്തി ഇയാൾക്കു നല്‌കുന്നത് പിശാചുക്കളുടെ തലവനാണ്” എന്ന് യെരൂശലേമിൽനിന്നു വന്ന മതപണ്ഡിതന്മാർ പറഞ്ഞു. അപ്പോൾ യേശു അവരെ വിളിച്ച് ദൃഷ്ടാന്തരൂപേണ ഇങ്ങനെ പറഞ്ഞു: “സാത്താനു സാത്താനെ ബഹിഷ്കരിക്കുവാൻ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്‌ക്കുവാൻ സാധിക്കുകയില്ല. അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്‌ക്കുവാൻ സാധിക്കുകയില്ല. സാത്താൻ തന്നോടുതന്നെ എതിർക്കുകയും ഭിന്നിക്കുകയും ചെയ്താൽ നിലനില്‌ക്കുവാൻ കഴിയാതെ അവൻ നാശമടയുന്നു. “ബലശാലിയായ ഒരുവനെ പിടിച്ചുകെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടിൽ പ്രവേശിച്ച് മുതൽ അപഹരിക്കുവാൻ ആർക്കും സാധിക്കുകയില്ലല്ലോ. ആദ്യം അയാളെ ബന്ധിക്കണം. അതിനുശേഷമേ, അയാളുടെ വീടു കൊള്ളചെയ്യുവാൻ സാധിക്കൂ. “ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങൾ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവൻ എന്നാളും കുറ്റവാളിയായിരിക്കും.” “യേശുവിൽ ഒരു ദുഷ്ടാത്മാവുണ്ട്” എന്ന് അവർ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പ്രസ്താവിച്ചത്. യേശുവിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നുകൊണ്ട് അവിടുത്തെ വിളിക്കുവാൻ ആളയച്ചു. ഒരു വലിയ ജനസഞ്ചയം അവിടുത്തെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. “അവിടുത്തെ അമ്മയും സഹോദരന്മാരും സഹോദരിമാരും അവിടുത്തെ അന്വേഷിച്ചു പുറത്തു നില്‌ക്കുന്നു” എന്ന് അവർ പറഞ്ഞു. “ആരാണ് എന്റെ അമ്മ? ആരെല്ലാമാണ് എന്റെ സഹോദരർ?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. പിന്നീട് തന്റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുൾചെയ്തു: “ഇതാ എന്റെ അമ്മയും സഹോദരരും! ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
മർക്കൊസ് 3:22-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: “സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല. ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്‍റെ വീട് കവർച്ച ചെയ്യാം. മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; എന്നാൽ പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ?“ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു“ എന്നു പറഞ്ഞു.
മർക്കൊസ് 3:22-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; *പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
മർക്കൊസ് 3:22-35 സമകാലിക മലയാളവിവർത്തനം (MCV)
ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും? ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ. ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ. സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു. ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം. ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്. അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു. പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും! ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”