പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ? ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.” അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു. പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!” അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്? മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”
മർക്കോസ് 12 വായിക്കുക
കേൾക്കുക മർക്കോസ് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 12:13-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ