ലൂക്കോസ് 22:21-46

ലൂക്കോസ് 22:21-46 MCV

“എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്. ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!” “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി. തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി. യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു. എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം. ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ. ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ. എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു. അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും. “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു; എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.” അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു. യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.” പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു. യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.” അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു. ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു. അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു. പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി, “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു. പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു. പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്, “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു.