ലൂക്കൊസ് 22:21-46
ലൂക്കൊസ് 22:21-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് ഉണ്ട്. നിർണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു. ഇതു ചെയ്വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചുതുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവ് എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും. ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയുംമുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അവ്വണ്ണംതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു. കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്ന് അവർ പറഞ്ഞതിന്: മതി എന്ന് അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി: പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി . പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ട് അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർഥിപ്പിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:21-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്നാൽ എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്നോടുകൂടി ഈ മേശയ്‍ക്കരികിൽത്തന്നെ ഉണ്ട്. ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.” അപ്പോൾ തങ്ങളിൽ ആരായിരിക്കും ഇതു ചെയ്യുവാൻ പോകുന്നതെന്ന് അവർ അന്യോന്യം ചോദിച്ചുതുടങ്ങി. തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി; യേശു അവരോടു പറഞ്ഞു: “വിജാതീയരുടെ രാജാക്കന്മാർ അവരുടെമേൽ ആധിപത്യം പുലർത്തുന്നു; അധികാരികൾ ‘അന്നദാതാക്കൾ’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല; നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ. ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാൻ നിങ്ങളുടെ ഇടയിൽ ഒരു പരിചാരകനെപ്പോലെയാണല്ലോ വർത്തിച്ചിട്ടുള്ളത്. എനിക്കുണ്ടായ പരിശോധനകളിൽ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങൾ; എന്റെ പിതാവു രാജ്യത്തിന്റെ അധികാരം നല്‌കി എന്നെ നിയമിച്ചതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളിൽ ഇരിക്കുകയും ചെയ്യും. “ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാൻ സാത്താൻ അനുവാദം ചോദിച്ചു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.” പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കർത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തിൽ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാൻ സന്നദ്ധനാണ്.” അപ്പോൾ യേശു അരുൾചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാൻ പറയുന്നു.” പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാൻ നിങ്ങളെ അയച്ചിട്ടു നിങ്ങൾക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവർ പറഞ്ഞു. “എന്നാൽ ഇപ്പോൾ പണസഞ്ചിയുള്ളവൻ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാൾ ഇല്ലാത്തവൻ തന്റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടുന്നു.” “കർത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവർ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു. പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു, അവിടെ എത്തിയപ്പോൾ യേശു അവരോട് അരുൾചെയ്തു: “പരീക്ഷണത്തിൽ വീണു പോകാതിരിക്കുവാൻ പ്രാർഥിക്കുക.” പിന്നീട് അവരിൽനിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.” തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. യേശു പ്രാണവേദനയിലായി; കൂടുതൽ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാർഥിച്ചു. അവിടുത്തെ വിയർപ്പു കനത്ത രക്തത്തുള്ളികൾ കണക്കേ നിലത്ത് ഇറ്റിറ്റു വീണു. പ്രാർഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാർ ദുഃഖംകൊണ്ടു തളർന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു. യേശു അവരോട്’: “നിങ്ങൾ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തിൽ വീണുപോകാതിരിക്കുവാൻ ഉണർന്നെഴുന്നേറ്റു പ്രാർഥിക്കുക” എന്നു പറഞ്ഞു.
ലൂക്കൊസ് 22:21-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്. ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.”ഇതു ചെയ്വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും” എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. യേശു അവരോട് പറഞ്ഞത്: ജനതകളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ. എന്‍റെ പിതാവ് രാജ്യത്തിന്‍റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും. ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. പത്രൊസ് അവനോട്: ”കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ”ഒരു കുറവുമുണ്ടായില്ല” എന്നു അവർ പറഞ്ഞു. അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ. അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു. ”കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട്” എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു. യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്‍റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ടു അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:21-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു. നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു. ഇതു ചെയ്വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും. ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു:ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു. കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു:മതി എന്നു അവൻ അവരോടു പറഞ്ഞു. പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു:നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു: നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:21-46 സമകാലിക മലയാളവിവർത്തനം (MCV)
“എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്. ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!” “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി. തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി. യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു. എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം. ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ. ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ. എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു. അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും. “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു; എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.” അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു. യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.” പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു. യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക. ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.” അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു. ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു. അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു. പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി, “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു. പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു. പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്, “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു.