യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു.
യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
“ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ.
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”
തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ, എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു. അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു. എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.
“അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
“നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി. എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും. സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
“ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും. എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.
“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
“ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”
യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.
അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു.