അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം; നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്നുത്തരം പറഞ്ഞു. യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു. എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി, അതുപോലെതന്നെ ഒരു ലേവ്യനും അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി. എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി. അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു. പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു. “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു. “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു. “നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.
ലൂക്കോസ് 10 വായിക്കുക
കേൾക്കുക ലൂക്കോസ് 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കോസ് 10:27-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ