യോഹന്നാൻ 4:31-54

യോഹന്നാൻ 4:31-54 MCV

ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു. “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു. അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.” “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു. അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു. അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.” രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി. —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു— ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു. യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു. രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു. യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു. “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു. യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.