യോഹന്നാൻ 4:31-54
യോഹന്നാൻ 4:31-54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ടു ഗലീലയ്ക്കു പോയി. പ്രവാചകനു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിനു പോയി; അവൻ യെരൂശലേമിൽ വച്ചു പെരുന്നാളിൽ ചെയ്തതൊക്കെയും കണ്ടതുകൊണ്ട് അവനെ അംഗീകരിച്ചു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്ന് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ട് അവൻ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവർ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽതന്നെ എന്ന് അപ്പൻ ഗ്രഹിച്ചു താനും കുടുംബമൊക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
യോഹന്നാൻ 4:31-54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനിടയ്‍ക്ക് ശിഷ്യന്മാർ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.” “വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാർ അന്യോന്യം ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. ‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങൾ പറയുന്നത്? ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ തലയുയർത്തി നോക്കുക. ഇപ്പോൾത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാൻ പാകമായിരിക്കുന്നു. വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങുകയും അവൻ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തിൽ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വയലിൽനിന്നു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു. അന്യർ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.” “ഞാൻ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവിൽ വിശ്വസിച്ചു. ശമര്യക്കാർ യേശുവിന്റെ അടുക്കൽ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാർത്തു. യേശുവിന്റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകൾ തന്നിൽ വിശ്വസിച്ചു. അവർ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങൾ നേരിട്ട് അവിടുത്തെ വാക്കുകൾ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാൽ ലോകരക്ഷകൻ എന്നു ഞങ്ങൾ ഇപ്പോൾ അറിയുന്നു” എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പ്രസ്താവിച്ചിരുന്നു. അവിടെയെത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വാഗതം ചെയ്തു. അവരും പെസഹാപെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട് യേശു അവിടെ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. യേശു വീണ്ടും ഗലീലയിലെ കാനായിൽ വന്നു; അവിടെവച്ചായിരുന്നല്ലോ അവിടുന്നു വെള്ളം വീഞ്ഞാക്കിയത്. കഫർന്നഹൂമിൽ ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ രോഗിയായി കിടന്നിരുന്നു. യേശു യെഹൂദ്യയിൽനിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥൻ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു. യേശു അയാളോടു ചോദിച്ചു: “അടയാളങ്ങളും അദ്ഭുതങ്ങളും കാണാതെ നിങ്ങളാരും വിശ്വസിക്കുകയില്ല, അല്ലേ?” ആ ഉദ്യോഗസ്ഥൻ യേശുവിനോട് “പ്രഭോ, എന്റെ കുട്ടി മരിക്കുന്നതിനു മുമ്പ് അങ്ങു വരണമേ” എന്നു വീണ്ടും അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക; നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞു. യേശുവിന്റെ വാക്കു വിശ്വസിച്ച് ആ ഉദ്യോഗസ്ഥൻ തിരിച്ചുപോയി. അയാൾ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോൾ വഴിയിൽവച്ച് ഭൃത്യന്മാർ വന്നു തന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്നറിയിച്ചു. “എപ്പോൾ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാൾ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവർ പറഞ്ഞു. “നിങ്ങളുടെ മകന്റെ രോഗം വിട്ടുമാറി ജീവിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞത് ആ സമയത്തു തന്നെ ആയിരുന്നു എന്ന് ആ ഉദ്യോഗസ്ഥനു ബോധ്യമായി. അയാളും കുടുംബം മുഴുവനും യേശുവിൽ വിശ്വസിച്ചു. യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നശേഷം യേശു ചെയ്ത രണ്ടാമത്തെ അദ്ഭുതപ്രവൃത്തിയായിരുന്നു ഇത്.
യോഹന്നാൻ 4:31-54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതേസമയം ശിഷ്യന്മാർ അവനോട്: “റബ്ബീ, ഭക്ഷിച്ചാലും“ എന്നു അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്കുണ്ട് എന്നു അവരോട് പറഞ്ഞു. ആകയാൽ ആരെങ്കിലും അവനു ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നെ എന്‍റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നെ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു. നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു: ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നെ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്നു അവർ സ്ത്രീയോട് പറഞ്ഞു. ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു പോയി. പ്രവാചകന് തന്‍റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്നു യേശു തന്നെ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോട്: “കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ“ എന്നു പറഞ്ഞു. യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവനു ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: “ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി“ എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.
യോഹന്നാൻ 4:31-54 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു. അതിന്നു അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു: ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി. പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു. അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു. അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു. യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി. അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു. ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു. യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
യോഹന്നാൻ 4:31-54 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു. “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു. അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.” “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു. അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു. അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.” രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി. —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു— ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു. താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു. യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു. രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു. യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു. “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു. യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.