അടുത്തദിവസം തന്റെ അടുക്കലേക്കു വരുന്ന യേശുവിനെ കണ്ടിട്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം പരിഹരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്! ‘എന്റെ പിന്നാലെ വരുന്ന മനുഷ്യൻ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു. ഇദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, ഇദ്ദേഹം ഇസ്രായേലിനു വെളിപ്പെടേണ്ടതിനാണ് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നവനായി വന്നത്.”
യോഹന്നാൻ തന്റെ സാക്ഷ്യം തുടർന്നു: “പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതും അദ്ദേഹത്തിന്റെമേൽ ആവസിക്കുന്നതും ഞാൻ കണ്ടു. അദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല; എന്നാൽ, വെള്ളത്തിൽ സ്നാനം കഴിപ്പിക്കാൻ ദൈവം എന്നെ അയച്ചിട്ട്, ‘ആരുടെമേൽ ആത്മാവ് അവരോഹണം ചെയ്യുകയും നിവസിക്കുകയും ചെയ്യുന്നത് നീ കാണുന്നോ അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്,’ എന്ന് എന്നോട് അരുളിച്ചെയ്തിരുന്നു. അതു ഞാൻ യേശുവിൽ കാണുകയും അദ്ദേഹം ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
പിറ്റേദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വീണ്ടും അവിടെ നിൽക്കുകയായിരുന്നു. അപ്പോൾ, യേശു പോകുന്നതു നോക്കിക്കൊണ്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” എന്നു വിളിച്ചുപറഞ്ഞു.
യോഹന്നാൻ ഇതു പറയുന്നതു കേട്ട ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, “എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?”
അവർ, “ഗുരോ,” എന്ന് അർഥമുള്ള “റബ്ബീ,” എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, “അങ്ങ് എവിടെ താമസിക്കുന്നു?” എന്നു ചോദിച്ചു.
“വന്നു കാണുക,” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു.
അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു.
യോഹന്നാന്റെ സാക്ഷ്യംകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു. അന്ത്രയോസ് ആദ്യംതന്നെ തന്റെ സഹോദരനായ ശിമോനെ കണ്ട്, “ഞങ്ങൾ മശിഹായെ, അതായത്, ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അയാൾ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു.
യേശു അയാളെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു. (ഇതിന്റെ പരിഭാഷ പത്രോസ് എന്നാകുന്നു.)
പിറ്റേദിവസം യേശു ഗലീലയ്ക്കു പോകാൻ തീരുമാനിച്ചു. അദ്ദേഹം ഫിലിപ്പൊസിനെ കണ്ട്, “എന്നെ അനുഗമിക്കുക,” എന്നു പറഞ്ഞു.
ഫിലിപ്പൊസ്, അന്ത്രയോസിനെയും പത്രോസിനെയുംപോലെതന്നെ ബേത്ത്സയിദ പട്ടണത്തിൽനിന്നുള്ളവൻതന്നെ ആയിരുന്നു. ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അയാളോട്, “മോശ ന്യായപ്രമാണത്തിലും പ്രവാചകന്മാർ അവരുടെ ലിഖിതങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നോ അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—അത് നസറെത്തുകാരനായ യോസേഫിന്റെ പുത്രൻ യേശുതന്നെ” എന്നു പറഞ്ഞു.
അപ്പോൾ നഥനയേൽ ചോദിച്ചു, “നസറെത്തുകാരനോ! അവിടെനിന്നു വല്ല നന്മയും വരുമോ.”
“വന്നു കാണുക,” ഫിലിപ്പൊസ് പറഞ്ഞു.
തന്റെ അടുത്തേക്കു വരുന്ന നഥനയേലിനെ കണ്ടിട്ട് യേശു പറഞ്ഞു, “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവും ഇല്ല.”
“അവിടത്തേക്ക് എന്നെ എങ്ങനെ അറിയാം?” നഥനയേൽ ചോദിച്ചു.
“ഫിലിപ്പൊസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു,” യേശു പറഞ്ഞു.
“റബ്ബീ, അങ്ങു ദൈവപുത്രൻ; അങ്ങാണ് ഇസ്രായേലിന്റെ രാജാവ്,” നഥനയേൽ പ്രതിവചിച്ചു.
“നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടു നീ വിശ്വസിക്കുന്നു. അതിലും വലിയ കാര്യങ്ങൾ നീ കാണും” എന്ന് യേശു മറുപടി പറഞ്ഞു. തുടർന്ന് യേശു, “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: ‘സ്വർഗം തുറന്നിരിക്കുന്നതും’ മനുഷ്യപുത്രന്റെ അടുക്കൽ ‘ദൈവദൂതന്മാർ കയറുന്നതും ഇറങ്ങുന്നതും’ നിങ്ങൾ കാണും” എന്നു പറഞ്ഞു.