ന്യായാധിപന്മാർ 15
15
ഫെലിസ്ത്യരോടുള്ള ശിംശോന്റെ പ്രതികാരം
1കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.
2“നിനക്ക് അവളിൽ അനിഷ്ടമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവളെ നിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം നീ ഇവളെ സ്വീകരിക്കുക,” എന്നു പറഞ്ഞു.
3ശിംശോൻ പറഞ്ഞു: “ഇപ്പോൾ ഫെലിസ്ത്യരോട് എന്തെങ്കിലും ചെയ്താൽ ഞാൻ കുറ്റക്കാരനല്ല; ഞാൻ അവരോട് പകരംവീട്ടും.” 4ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് ഈരണ്ടെണ്ണത്തിനെ വാലോടുവാൽ ചേർത്തുവെച്ച് വാലിനിടയിൽ ഓരോ പന്തം വെച്ചുകെട്ടി. 5പന്തത്തിനു തീകൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു. വിളഞ്ഞുനിന്നവയും കൊയ്ത കറ്റയും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും എല്ലാം ശിംശോൻ അഗ്നിക്കിരയാക്കി.
6“ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി.
അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു. 7അപ്പോൾ ശിംശോൻ അവരോട്, “നിങ്ങൾ ഈ വിധം ചെയ്തതുകൊണ്ട് ഞാൻ നിങ്ങളോടു പ്രതികാരംചെയ്യാതെ വിടുകയില്ല” എന്നു പറഞ്ഞു. 8അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു.
9എന്നാൽ ഫെലിസ്ത്യർ വന്ന് യെഹൂദ്യയിൽ പാളയമിറങ്ങി; ലേഹിക്കു സമീപം നിരന്നു. 10“നിങ്ങൾ എന്തിന് ഞങ്ങളോടു യുദ്ധത്തിനുവന്നു?” എന്ന് യെഹൂദ്യർ ചോദിച്ചു.
“ശിംശോൻ ഞങ്ങളോടു പ്രവർത്തിച്ചതുപോലെ അയാളോടും ചെയ്യേണ്ടതിന്, അവനെ പിടിച്ചുകെട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്,” എന്ന് അവർ ഉത്തരം പറഞ്ഞു.
11അപ്പോൾ യെഹൂദ്യയിൽനിന്ന് മൂവായിരംപേർ ഏതാംപാറയിലെ ഗുഹയിൽചെന്ന് ശിംശോനോട് പറഞ്ഞു: “ഫെലിസ്ത്യരാണ് നമ്മെ ഭരിക്കുന്നതെന്ന് താങ്കൾ അറിയുന്നില്ലേ? താങ്കൾ ഇങ്ങനെ ചെയ്തതെന്ത്?” എന്നു ചോദിച്ചു.
“അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു,” അദ്ദേഹം അവരോടു പറഞ്ഞു.
12അവർ ശിംശോനോട്, “നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾതന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്യണം.”
13“ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏൽപ്പിക്കുകയേയുള്ളൂ,” എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ പുതിയ കയർകൊണ്ട് അവനെ ബന്ധിച്ച് ഗുഹയിൽനിന്നു കൊണ്ടുപോയി. 14അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി. 15ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് അയാൾ കൈയിലെടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്ന് രണ്ടുകൂനകളായി കൂട്ടി.
16“കഴുതയുടെ താടിയെല്ലുകൊണ്ട്
കുന്ന് ഒന്ന്, കുന്ന് രണ്ട്;
കഴുതയുടെ താടിയെല്ലുകൊണ്ട്
ഞാൻ ആയിരംപേരെ കൊന്നു.”
എന്നു ശിംശോൻ പറഞ്ഞു. 17ഇതു പറഞ്ഞിട്ട്, അദ്ദേഹം ആ താടിയെല്ല് കൈയിൽനിന്ന് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിന് രാമത്-ലേഹി#15:17 താടിയെല്ലിൻകുന്ന് എന്നർഥം. എന്നു പേരായി.
18പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു. 19അപ്പോൾ ദൈവം ലേഹിയിൽ പൊള്ളയായ ഒരു സ്ഥലം പിളർന്നു. അവിടെനിന്നു വെള്ളം പുറപ്പെട്ടു; ശിംശോൻ കുടിച്ചു ചൈതന്യം പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് എൻ-ഹക്കോരെ#15:19 സന്ദർശകരുടെ അരുവി എന്നർഥം. എന്നു പേരായി. അത് ഇന്നും ലേഹിയിലുണ്ട്.
20ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാധിപന്മാർ 15: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.