ന്യായാധിപന്മാർ 11
11
1ഗിലെയാദ്യനായ യിഫ്താഹ് ധീരനായ ഒരു യോദ്ധാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗിലെയാദും അമ്മ ഒരു വേശ്യയുമായിരുന്നു. 2ഗിലെയാദിന് സ്വന്തം ഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവൻ വളർന്നപ്പോൾ, “ഞങ്ങളുടെ പിതൃഭവനത്തിലെ ഓഹരി നിനക്കു ലഭിക്കുകയില്ല, നീ പരസ്ത്രീയുടെ മകനാകുന്നു” എന്നു പറഞ്ഞ് യിഫ്താഹിനെ ഓടിച്ചുകളഞ്ഞു. 3അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെവിട്ട് തോബ് ദേശത്തു ചെന്നുപാർത്തു; ആഭാസന്മാരായ ചിലർ യിഫ്താഹിന്റെ ചുറ്റുംകൂടി അദ്ദേഹത്തെ അനുഗമിച്ചു.
4കുറെക്കാലം കഴിഞ്ഞ് അമ്മോന്യർ ഇസ്രായേലിനോട് യുദ്ധം തുടങ്ങി. 5ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരാൻ ചെന്നു. 6അവർ യിഫ്താഹിനോട് പറഞ്ഞു: “വരിക, അമ്മോന്യരോട് യുദ്ധംചെയ്യാൻ നീ ഞങ്ങളുടെ സൈന്യാധിപനായിരിക്കുക.”
7യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു.
8ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെവന്ന് അമ്മോന്യരോടു യുദ്ധംചെയ്യുകയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കുകയും ചെയ്യുക. അതിനുവേണ്ടിത്തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
9“അമ്മോന്യരോടു യുദ്ധംചെയ്യാൻ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുന്നു എങ്കിൽ നിങ്ങൾ നിശ്ചയമായും എന്നെ തലവനാക്കുമോ?” എന്ന് യിഫ്താഹ് ചോദിച്ചു.
10ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.” 11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ നേതാക്കന്മാരോടുകൂടെ പോയി; ജനം അദ്ദേഹത്തെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പായിൽ യഹോവയുടെമുമ്പാകെ, താൻ പറഞ്ഞതെല്ലാം വീണ്ടും പ്രസ്താവിച്ചു.
12അതിനുശേഷം യിഫ്താഹ് അമ്മോന്യരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “എന്നോട് എന്തു വിരോധംകൊണ്ടാണ് എന്റെ രാജ്യത്തിനെതിരേ യുദ്ധംചെയ്യാൻ താങ്കൾ വരുന്നത്?” എന്നു ചോദിച്ചു.
13അമ്മോന്യരാജാവ് യിഫ്താഹിന്റെ ദൂതന്മാരോട് ഇപ്രകാരം പറഞ്ഞയച്ചു: “ഇസ്രായേൽ ഈജിപ്റ്റിൽനിന്നു വന്നപ്പോൾ അർന്നോൻമുതൽ യാബ്ബോക്കും യോർദാനുംവരെയുള്ള എന്റെ ദേശം കൈവശപ്പെടുത്തി, ഇപ്പോൾ ആ ദേശം സമാധാനത്തോടെ മടക്കിത്തരിക.”
14അമ്മോന്യരാജാവിനോട് ഇപ്രകാരം പറയാൻ യിഫ്താഹ് പിന്നെയും ദൂതന്മാരെ പറഞ്ഞയച്ചു.
15“യിഫ്താഹ് ഇപ്രകാരം പറയുന്നു: ഇസ്രായേൽ മോവാബുദേശമോ അമ്മോന്യദേശമോ കൈവശപ്പെടുത്തിയിട്ടില്ല. 16എന്നാൽ ഇസ്രായേൽ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെനിന്നു കാദേശിലും എത്തി. 17അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു.
18“അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു.
19“പിന്നെ ഇസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ‘താങ്കളുടെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്ക് കടന്നുപോകാൻ അനുവാദം തരണമേ’ എന്നു പറയിച്ചു. 20എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല.#11:20 അഥവാ, തക്കവണ്ണം ഇസ്രായേല്യരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി.
21“ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അയാളുടെ സകലജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; അവർ അവരെ തോൽപ്പിച്ചു; ഇങ്ങനെ ഇസ്രായേൽ ആ ദേശവാസികളായ അമോര്യരുടെ ദേശം പിടിച്ചെടുത്തു. 22അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി.
23“ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ, നിനക്ക് അവ തിരികെ നൽകേണ്ടതിന്റെ ആവശ്യമെന്ത്? 24താങ്കളുടെ ദേവനായ കെമോശ് താങ്കൾക്കു തരുന്നത് താങ്കൾ കൈവശം വെക്കുകയില്ലേ? അങ്ങനെതന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്നതൊക്കെ ഞങ്ങളും അവകാശമാക്കും. 25സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവിനെക്കാൾ താങ്കൾ ശ്രേഷ്ഠനോ? അദ്ദേഹം എപ്പോഴെങ്കിലും ഇസ്രായേലിനോട് കലഹിക്കുകയോ യുദ്ധംചെയ്യുകയോ ചെയ്തിട്ടുണ്ടോ? 26ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല? 27ആകയാൽ ഞാൻ താങ്കളോട് അന്യായമൊന്നുംചെയ്തിട്ടില്ല. എനിക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നതിനാൽ താങ്കൾ എന്നോടാകുന്നു അന്യായംചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് ഇസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായംവിധിക്കട്ടെ.”
28എന്നാൽ യിഫ്താഹ് പറഞ്ഞയച്ച സന്ദേശം അമ്മോന്യരുടെ രാജാവ് അശ്ശേഷം വകവെച്ചില്ല.
29അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. 30യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, 31ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.”
32പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. 33അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി.
34യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. 35അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു.
36“അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. 37എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു.
38“പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച്#11:38 ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകുകയില്ല എന്നു വിവക്ഷ. പർവതങ്ങളിൽ ദുഃഖാചരണം നടത്തി. 39രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു.
40ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാധിപന്മാർ 11: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.