ന്യായാധിപന്മാർ 10
10
തോലാ
1അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു. 2അദ്ദേഹം ഇസ്രായേലിനെ ഇരുപത്തിമൂന്നു വർഷം നയിച്ചശേഷം മരിച്ചു; ശമീരിൽ അടക്കപ്പെട്ടു.
യായീർ
3അദ്ദേഹത്തിനുശേഷം ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിനു നായകനായിരുന്നു. 4അദ്ദേഹത്തിന് മുപ്പത് പുത്രന്മാരുണ്ടായിരുന്നു. മുപ്പതുപേരും കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു. ഗിലെയാദ് ദേശത്ത് ഹാവോത്ത്-യായീർ#10:4 അതായത്, യായീരിലെ പട്ടണങ്ങൾ എന്ന് ഇന്നും അറിയപ്പെടുന്ന മുപ്പത് പട്ടണങ്ങൾ അവരുടെ അധീനതയിലായിരുന്നു. 5യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.
യിഫ്താഹ്
6ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല. 7യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു. 8ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു. 9അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി. 10അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
11യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ? 12സീദോന്യരും അമാലേക്യരും മാവോന്യരും#10:12 ചി.കൈ.പ്ര. മിദ്യാന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ? 13എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. 14നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
15എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു. 16അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.
17അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി. 18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും പരസ്പരം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നയാൾ ആരോ അദ്ദേഹം ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാധിപന്മാർ 10: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.