യാക്കോബ് 1
1
1ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ഭൃത്യനായ യാക്കോബ്,
അന്യദേശത്തു ചിതറിപ്പാർക്കുന്ന ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽനിന്നുമുള്ള വിശ്വാസികൾക്ക്, എഴുതുന്നത്:
വന്ദനം.
പരീക്ഷകളും പ്രലോഭനങ്ങളും
2-3എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. 4എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. 5നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. 7ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; 8ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.
9താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. 10ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. 11സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു.
12പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.
13പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. 14എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. 15ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.
16എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. 17ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല. 18നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു.
കേൾവിയും പ്രവൃത്തിയും
19എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. 20മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. 21ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.
22വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. 23വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. 24ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. 25എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും.
26ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. 27അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യാക്കോബ് 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.