യെശയ്യാവ് 32:1-8

യെശയ്യാവ് 32:1-8 MCV

ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും. ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും. കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും. തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കുള്ള നാവ് തെളിവായി സംസാരിക്കും. ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല. ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു. ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് അവർ ദുരുപായങ്ങൾ ആലോചിക്കുന്നു. എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.