യെശയ്യാവ് 32:1-8

യെശയ്യാവ് 32:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. ഓരോരുത്തൻ കാറ്റിന് ഒരു മറവും പിശറിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും. കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും. ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും. ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു. ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.

യെശയ്യാവ് 32:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു രാജാവ് ധർമനിഷ്ഠയോടെ വാഴും; പ്രഭുക്കന്മാർ നീതിബോധത്തോടെ ഭരിക്കും. അവർ ഓരോരുത്തരും കാറ്റിൽ നിന്നു രക്ഷ നല്‌കുന്ന ഒളിപ്പിടവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിരിക്കും. അവർ മരുഭൂമിയിൽ നീരുറവകൾപോലെയും ഊഷരഭൂമിയിൽ പാറക്കെട്ടിന്റെ തണൽപോലെയും ആയിരിക്കും. കാണുന്നവൻ കണ്ണുകളടച്ചു കളയുകയില്ല. കേൾക്കുന്നവൻ ശ്രദ്ധിക്കും. അവിവേകികളുടെ മനസ്സിൽ വിവേകമുണ്ടാകും. വിക്കന്മാർ തടസ്സം കൂടാതെ വ്യക്തമായി സംസാരിക്കും. ഭോഷനെ ഉത്തമൻ എന്നോ ആഭാസനെ മാന്യൻ എന്നോ മേലിൽ ആരും വിളിക്കുകയില്ല. ഭോഷൻ ഭോഷത്തം സംസാരിക്കുന്നു. അവൻ അധർമം പ്രവർത്തിക്കാനും ദൈവത്തെ ദുഷിക്കാനും വിശക്കുന്നവർക്ക് ആഹാരം നല്‌കാതിരിക്കാനും ദാഹിക്കുന്നവന് ജലം നല്‌കാതിരിക്കാനുമുള്ള പദ്ധതി തയ്യാറാക്കുന്നു. വഞ്ചകന്റെ വഞ്ചനകൾ തിന്മ നിറഞ്ഞത്. എളിയവന്റെ അപേക്ഷ ന്യായമാണെങ്കിലും അവനെ നശിപ്പിക്കാൻ അയാൾ വ്യാജമായി ദുരുപായങ്ങൾ കണ്ടുപിടിക്കുന്നു. എന്നാൽ ഉത്തമൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും അവയിൽ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.

യെശയ്യാവ് 32:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇതാ, ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. ഓരോരുത്തൻ കാറ്റിന് ഒരു മറവും കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും. അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും. കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും. ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല. ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്‍റെ ഹൃദയം നീതികേടും പ്രവർത്തിക്കും. ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.

യെശയ്യാവ് 32:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും. കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും. ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടു പ്രവർത്തിക്കും. ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു. ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.

യെശയ്യാവ് 32:1-8 സമകാലിക മലയാളവിവർത്തനം (MCV)

ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും. ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും. കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും. തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കുള്ള നാവ് തെളിവായി സംസാരിക്കും. ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല. ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു. ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് അവർ ദുരുപായങ്ങൾ ആലോചിക്കുന്നു. എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.