യെശയ്യാവ് 16
16
1നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി,
കുഞ്ഞാടിനെ സേലായിൽനിന്ന്,
മരുഭൂമിവഴിയായി സീയോൻപുത്രിയുടെ
പർവതത്തിലേക്കു കൊടുത്തയയ്ക്കുക.
2കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട്
ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും
അർന്നോൻ കടവുകളിൽ
മോവാബ്യ പുത്രിമാർ.
3“ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക,
ന്യായം നടത്തുക.
നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ
രാത്രിപോലെയാക്കുക.
പലായിതരെ ഒളിപ്പിക്കുക,
അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്.
4മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ;
അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു.
പീഡകരുടെ അവസാനം വന്നുചേരും
നശിപ്പിക്കുന്നവർ ഇല്ലാതെയാകും;
മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും.
5അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും;
ദാവീദിന്റെ കൂടാരത്തിൽനിന്ന്
ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും.
ആ ന്യായാധിപൻ ന്യായതല്പരനും
നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.
6മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്—
അവളുടെ ഗർവം എത്ര വലിയത്!
അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു;
എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
7അതിനാൽ മോവാബ്യർ വിലപിക്കും,
അവർ മോവാബിനെക്കുറിച്ച് വിലപിക്കും.
കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി
ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക.
8ഹെശ്ബോനിലെ വയലുകളും
സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി.
അതിലെ വിശിഷ്ട മുന്തിരിവള്ളികളെ
ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു,
അതു യാസേർവരെയും
മരുഭൂമിവരെയും പടർന്നിരുന്നു.
അതിന്റെ ശാഖകൾ
കടൽവരെയും#16:8 അതായത്, ചാവുകടൽ പടർന്നിരുന്നു.
9അതിനാൽ ഞാൻ യാസേരിനോടൊപ്പം
സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും.
ഹെശ്ബോനേ, എലെയാലേ,
ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും!
നിന്റെ വേനൽക്കാല ഫലങ്ങൾക്കും
കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.
10ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു;
മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല.
മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല;
കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
11അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും
എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു.
12മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ
തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ,
അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ
ഫലസിദ്ധിയുണ്ടാകുകയുമില്ല.
13ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം. 14എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 16: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.