ഗലാത്യർ 5:1-15

ഗലാത്യർ 5:1-15 MCV

ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക. എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ. നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്. “അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.” നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ. പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക. “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!