യെഹെസ്കേൽ 29
29
ഈജിപ്റ്റിനെതിരേയുള്ള പ്രവചനം
ഫറവോനെതിരേയുള്ള ന്യായവിധി
1പത്താംവർഷം പത്താംമാസം പന്ത്രണ്ടാംതീയതി, യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നിന്റെ മുഖം ഈജിപ്റ്റുരാജാവായ ഫറവോനെതിരേ തിരിച്ച് അദ്ദേഹത്തിനും മുഴുവൻ ഈജിപ്റ്റിനും എതിരായി പ്രവചിക്കുക. 3അവനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഈജിപ്റ്റുരാജാവായ ഫറവോനേ, ഞാൻ നിനക്ക് എതിരാകുന്നു.
നദികളുടെ മധ്യത്തിൽ കിടക്കുന്ന മഹാഭീകരസത്വമേ,
“നൈൽനദി എനിക്കുള്ളത്;
ഞാൻ അതിനെ എനിക്കായി നിർമിച്ചു,” എന്നു നീ പറയുന്നല്ലോ.
4എന്നാൽ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തും;
നിന്റെ പ്രവാഹങ്ങളിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കാൻ ഇടയാക്കും.
നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കുന്ന എല്ലാ മത്സ്യങ്ങളോടുംകൂടെ
ഞാൻ നിന്നെ നദിയിൽനിന്ന് വലിച്ചുകയറ്റും.
5ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും,
നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ.
നീ തുറസ്സായസ്ഥലത്തു വീണുപോകും,
ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല.
ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും
ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും.
6അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും.
“ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്. 7അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.
8“ ‘അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെനേരേ വാൾ അയച്ച് നിന്നിലുള്ള മനുഷ്യരെയും ജന്തുക്കളെയും കൊന്നുകളയും. 9ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
“ ‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,” 10അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും. 11മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽ അതിൽ ചവിട്ടുകയില്ല. നാൽപ്പതുവർഷത്തേക്ക് അതിൽ ആരും പാർക്കുകയുമില്ല. 12ഞാൻ ഈജിപ്റ്റുദേശത്തെ ശൂന്യദേശങ്ങളുടെ മധ്യേ ഒരു ശൂന്യദേശമാക്കിത്തീർക്കും; അവിടത്തെ പട്ടണങ്ങൾ നാൽപ്പതുവർഷത്തേക്ക് ശൂന്യനഗരങ്ങളുടെ മധ്യേ ശൂന്യമായിക്കിടക്കും; ഈജിപ്റ്റ് ദേശവാസികളെ ഞാൻ ദേശാന്തരങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കും.
13“ ‘എങ്കിലും കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ നാൽപ്പതുവർഷങ്ങൾക്കുശേഷം ഞാൻ ഈജിപ്റ്റുനിവാസികളെ അവർ ചിതറിക്കപ്പെട്ടിരുന്ന ദേശങ്ങളിൽനിന്ന് ശേഖരിക്കും. 14ഞാൻ അവരെ പ്രവാസത്തിൽനിന്ന് അവരുടെ ജന്മദേശമായ പത്രോസിലേക്കു#29:14 അതായത്, തെക്കേ ഈജിപ്റ്റിലേക്കു തിരികെവരുത്തും. അവിടെ അവർ ഒരു എളിയ രാജ്യമായിരിക്കും. 15അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല. 16ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
നെബൂഖദ്നേസരിനുള്ള പ്രതിഫലം
17ഇരുപത്തിയേഴാംവർഷം ഒന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 18“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യത്തെയുംകൊണ്ട് സോരിനെതിരായി അതികഠിനമായി യുദ്ധംചെയ്തു. ഉരസൽകൊണ്ട് എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തുകൽ കുമിളച്ചതുപോലെയായി. എന്നിട്ടും സോരിനെതിരായി താനും തന്റെ സൈന്യവും ചെയ്തതിനു തക്ക പ്രതിഫലം അവിടെനിന്നു കിട്ടിയില്ല. 19അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസ്സെരിനു നൽകാൻപോകുന്നു; അവൻ അതിലെ സമ്പത്തു കവർന്നുകൊണ്ടുപോകും. തന്റെ സൈന്യത്തിനു പ്രതിഫലമായി അവൻ ആ രാജ്യത്തെ കവർച്ചചെയ്യുകയും കൊള്ളയിടുകയും ചെയ്യും. 20അവനും അവന്റെ സൈന്യവും എനിക്കുവേണ്ടി ആ കൃത്യം ചെയ്തതുകൊണ്ട് അവന്റെ പ്രയത്നത്തിനുള്ള പ്രതിഫലമായി ഞാൻ അതിനെ അവനു നൽകും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21“ആ ദിവസത്തിൽ ഞാൻ ഇസ്രായേൽഗൃഹത്തിന് ഒരു കൊമ്പു#29:21 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. മുളപ്പിക്കും; അവരുടെ മധ്യേ ഞാൻ നിന്റെ വായ് തുറക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 29: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.