യെഹെസ്കേൽ 25
25
അമ്മോന്യർക്കെതിരേയുള്ള പ്രവചനം
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യർക്കെതിരേ തിരിച്ച് അവരെക്കുറിച്ച് ഇപ്രകാരം പ്രവചിക്കുക. 3അവരോടു പറയുക: ‘യഹോവയായ കർത്താവിന്റെ അരുളപ്പാടു കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും യെഹൂദാജനം പ്രവാസത്തിലേക്കു പോയപ്പോൾ അവരെക്കുറിച്ചും “നന്നായി” എന്നു നീ പറയുകയാൽ 4ഞാൻ നിന്നെ കിഴക്കുദേശക്കാർക്ക് ഒരവകാശമായി ഏൽപ്പിച്ചുകൊടുക്കും; അവർ തങ്ങളുടെ പാളയങ്ങളും കൂടാരങ്ങളും നിന്നിൽ സ്ഥാപിക്കും. നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കുകയും ചെയ്യും. 5ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് ഒരു മേച്ചിൽപ്പുറമായും അമ്മോനിനെ ആട്ടിൻപറ്റങ്ങൾക്ക് ഒരു വിശ്രമസ്ഥലവും ആക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നീ അറിയും. 6യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ ഹൃദയത്തിലെ എല്ലാ ദുഷ്ടതയോടുംകൂടി ഇസ്രായേൽദേശത്തെക്കുറിച്ചു സന്തോഷിച്ച് കൈകൊട്ടുകയും കാൽ നിലത്തുചവിട്ടി ആഹ്ലാദിക്കയും ചെയ്തതിനാൽ, 7ഞാൻ എന്റെ കരം നിന്റെനേരേ നീട്ടി നിന്നെ ഇതര രാഷ്ട്രങ്ങൾക്ക് ഒരു കൊള്ളയാക്കിത്തീർക്കും. ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽനിന്നു തൂത്തെറിയും; രാജ്യങ്ങളിൽനിന്ന് ഉന്മൂലനംചെയ്ത് നശിപ്പിച്ചുകളയും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”
മോവാബ്യർക്കെതിരേയുള്ള പ്രവചനം
8“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ “ഇതാ, യെഹൂദാഗൃഹം മറ്റെല്ലാ ജനതകളെയുംപോലെ ആയിത്തീർന്നു,” എന്ന് മോവാബും സേയീരും പറയുകകൊണ്ട്, 9ഞാൻ മോവാബുദേശത്തിന്റെ മഹത്ത്വമായ പാർശ്വഭൂമിയെ, അതിർത്തി നഗരങ്ങളായ ബേത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യാത്തയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെക്കും. 10ഞാൻ മോവാബിനെ അമ്മോന്യരോടൊപ്പം കിഴക്കുള്ള ജനതകൾക്ക് അവകാശമായിക്കൊടുക്കും; അങ്ങനെ രാഷ്ട്രങ്ങൾക്കിടയിൽ അമ്മോന്യർ സ്മരിക്കപ്പെടാതെയാകും; 11ഇങ്ങനെ ഞാൻ മോവാബിന്മേൽ ശിക്ഷാവിധി വരുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
ഏദോമ്യർക്കെതിരേയുള്ള പ്രവചനം
12“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഏദോം യെഹൂദാജനത്തോടു പ്രതികാരം നടത്തി ഏറ്റവുമധികം കുറ്റക്കാരായിത്തീർന്നിരിക്കുന്നു, 13അതിനാൽ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഞാൻ എന്റെ കൈ ഏദോമിനെതിരേ നീട്ടി അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിച്ചുകളയും; ഞാൻ അതിനെ ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളാൽ വീഴും. 14എന്റെ ജനമായ ഇസ്രായേൽ മുഖാന്തരം ഞാൻ ഏദോമിനോടു പ്രതികാരംചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും തക്കവണ്ണം ഞാൻ ഏദോമിനോടു പ്രവർത്തിക്കും. അപ്പോൾ അവർ എന്റെ പ്രതികാരം മനസ്സിലാക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
ഫെലിസ്ത്യർക്കെതിരേയുള്ള പ്രവചനം
15“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഫെലിസ്ത്യർ പ്രതികാരബുദ്ധിയോടും ഹൃദയത്തിൽ വിദ്വേഷത്തോടുംകൂടി പകരംവീട്ടുകയും മുൻകാലശത്രുതവെച്ചുകൊണ്ട് യെഹൂദയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുകയാൽ, 16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ കരം ഫെലിസ്ത്യർക്കെതിരേ നീട്ടാൻ പോകുന്നു; ഞാൻ കെരീത്യരെ തൂത്തെറിയുകയും തീരപ്രദേശത്ത് ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും. 17ഞാൻ മഹാപ്രതികാരം നടത്തി എന്റെ ക്രോധത്തിൽ അവരെ ശിക്ഷിക്കും. ഞാൻ അവരോടു പ്രതികാരം നടത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 25: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.