യെഹെസ്കേൽ 21
21
ബാബേൽ ദൈവികന്യായവിധിയുടെ വാൾ
1അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 2“മനുഷ്യപുത്രാ; നിന്റെ മുഖം ജെറുശലേമിനെതിരേ തിരിച്ച് വിശുദ്ധമന്ദിരത്തിനെതിരേ പ്രസംഗിക്കുക. ഇസ്രായേൽദേശത്തിനു വിരോധമായി പ്രവചിക്കുക. 3അവളോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു. ഞാൻ എന്റെ വാൾ ഉറയിൽനിന്നൂരി നീതിനിഷ്ഠരെയും ദുഷ്ടരെയും നിങ്ങളുടെ ഇടയിൽനിന്ന് ഛേദിച്ചുകളയും. 4ഞാൻ നീതിനിഷ്ഠരെയും ദുഷ്ടരെയും ഛേദിച്ചുകളയാൻ പോകുന്നതുകൊണ്ട് എന്റെ വാൾ തെക്കുമുതൽ വടക്കുവരെ എല്ലാവർക്കുമെതിരേ ഉറയിൽനിന്നു പുറപ്പെടും. 5യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയിരിക്കുന്നു എന്ന് അപ്പോൾ എല്ലാവരും അറിയും. അതു ഇനി മടങ്ങിപ്പോകുകയില്ല.’
6“നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക! 7‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”
8പിന്നെയും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 9“മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്, ‘കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഒരു വാൾ, ഒരു വാൾ
അതിനു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
10കൊലനടത്താൻ മൂർച്ചകൂട്ടിയും
മിന്നൽപോലെ തിളങ്ങേണ്ടതിനു മിനുക്കിയുമിരിക്കുന്നു!
“ ‘എന്റെ രാജകീയ പുത്രന്റെ ചെങ്കോലിൽ നമുക്കു ആനന്ദിക്കാമോ? ആ വാൾ ഇപ്രകാരമുള്ള എല്ലാ കോലിനെയും നിന്ദിക്കുന്നു.
11“ ‘കൈയിൽ വഹിക്കാൻ കഴിയുംവിധം
അതിനെ മിനുക്കാൻ കൊടുത്തിരിക്കുന്നു;
കൊലയാളിയുടെ കൈയിൽ കൊടുക്കാൻവേണ്ടി
അതിനെ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക,
അത് എന്റെ ജനത്തിന്മേൽ,
ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും.
അവർ എന്റെ ജനത്തോടുകൂടെ
വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക.
13“ ‘പരീക്ഷ അതു നിശ്ചയമായും വരും. എങ്കിലും വാളിനാൽ നിന്ദിക്കപ്പെടുന്ന ചെങ്കോൽതന്നെ തുടരാതെപോയാൽ എന്താകും? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’
14“നീയോ മനുഷ്യപുത്രാ, പ്രവചിക്കുക,
നിന്റെ കൈകൾ കൂട്ടിയടിക്കുക.
വാൾ, നിഹതന്മാരുടെ വാൾതന്നെ,
രണ്ടുപ്രാവശ്യം വെട്ടട്ടെ,
അല്ലാ മൂന്നുപ്രാവശ്യംതന്നെ.
അതു സംഹാരത്തിന്റെ വാൾ—
മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു.
15അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും
അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും
ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു,#21:15 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
അവരുടെ എല്ലാ കവാടങ്ങളിലും.
നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു;
അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
16വലത്തോട്ടോ ഇടത്തോട്ടോ
എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ
അവിടേക്കുതന്നെ പുറപ്പെടുക.
17ഞാനും കൈകൊട്ടി
എന്റെ ക്രോധം ശമിപ്പിക്കും;
യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”
18യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 19“മനുഷ്യപുത്രാ ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് രണ്ടുവഴികൾ അടയാളപ്പെടുത്തുക; അവ രണ്ടും ഒരു രാജ്യത്തുനിന്നുതന്നെ പുറപ്പെടും. ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക. 20അമ്മോന്യരുടെ രബ്ബയിലേക്ക് ആ വാൾ വരേണ്ടതിന് ഒരു വഴിയും യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള ജെറുശലേമിലേക്ക് വരേണ്ടതിന് മറ്റൊരു വഴിയും അടയാളപ്പെടുത്തുക. 21കാരണം, ബാബേൽരാജാവ് വഴിത്തിരിവിങ്കൽ രണ്ടുവഴികൾ പിരിയുന്നിടത്ത് പ്രശ്നംനോക്കാൻ നിൽക്കുന്നു. അയാൾ അമ്പുകൾ കുലുക്കി തന്റെ കുലദേവന്മാരോടു ചോദിക്കുകയും ലക്ഷണമറിയാൻ യാഗമർപ്പിച്ച മൃഗത്തിന്റെ കരൾ നോക്കുകയും ചെയ്യുന്നു. 22യന്ത്രമുട്ടികൾ സ്ഥാപിക്കാനും സംഹരിക്കുന്നതിനു കൽപ്പന പുറപ്പെടുവിക്കുന്നതിനും യുദ്ധാരവം മുഴക്കുന്നതിനും കവാടങ്ങൾക്കുനേരേ യന്ത്രമുട്ടികൾ വെക്കാനും ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിതുയർത്തുന്നതിനും ജെറുശലേമിലുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ എത്തിയിരിക്കുന്നു. 23അത് അവനോടുള്ള വിധേയത്വം ശപഥംചെയ്തവർക്ക് അത് ഒരു വ്യാജലക്ഷണമായിത്തോന്നുന്നു. എന്നാൽ അയാൾ അവരുടെ അകൃത്യം അനുസ്മരിപ്പിക്കുകയും അടിമകളായി അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യും.
24“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജനങ്ങൾ തങ്ങളുടെ തുറന്ന മത്സരംമൂലം നിങ്ങളുടെ എല്ലാ അകൃത്യങ്ങളും എന്നെ ഓർമപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ഇതു ചെയ്തിരിക്കുകയാൽ നിങ്ങൾ അടിമകളായി പിടിച്ചു കൊണ്ടുപോകപ്പെടും.
25“ ‘വഷളനും ദുഷ്ടനുമായ ഇസ്രായേൽ പ്രഭുവേ, നിന്റെ നാൾ ഇതാ വന്നിരിക്കുന്നു; ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. 26യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക; കാര്യങ്ങൾക്കു മാറ്റം സംഭവിക്കണം. താണത് ഉയർത്തപ്പെടുകയും ഉയർന്നത് താഴ്ത്തപ്പെടുകയും ചെയ്യും. 27ഉന്മൂലനാശം! ഉന്മൂലനാശം! ഞാൻ അതിന് ഉന്മൂലനാശമാക്കും! അവകാശമുള്ളവൻ വരുവോളം കിരീടം പുനഃസ്ഥാപിക്കപ്പെടാതിരിക്കും; അവനു ഞാൻ അതു നൽകുകയും ചെയ്യും.’
28“മനുഷ്യപുത്രാ, നീ ഇപ്രകാരം പ്രവചിച്ചു പറയുക: അമ്മോന്യരെപ്പറ്റിയും അവരുടെ പരിഹാസത്തെപ്പറ്റിയും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘സംഹാരത്തിനായി
ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു,
മിന്നൽപോലെ വിളങ്ങേണ്ടതിന്
അതു തേച്ചു മിനുക്കിയിരിക്കുന്നു!
29നിങ്ങളെക്കുറിച്ച് വ്യാജദർശനങ്ങൾ ദർശിക്കുകയും
വ്യാജദേവപ്രശ്നങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന
ദുഷ്ടരായ വധിക്കപ്പെടാനുള്ളവരുടെ
കഴുത്തിൽ അതു പ്രയോഗിക്കും.
അവരുടെ ദിവസം വന്നിരിക്കുന്നു,
ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
30“ ‘ആ വാൾ ഉറയിൽ ഇടുക;
നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തുതന്നെ,
നിന്റെ ജന്മദേശത്തുതന്നെ
ഞാൻ നിന്നെ ന്യായംവിധിക്കും.
31ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും;
എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും;
സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള
ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
32നീ അഗ്നിക്ക് ഇന്ധനമായിത്തീരും;
നിന്റെ രക്തം നിന്റെ ദേശത്തുതന്നെ ചൊരിയപ്പെടും.
ആരും ഇനി നിന്നെ ഓർക്കുകയില്ല;
യഹോവയായ ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 21: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.