എഫേസ്യർ 5:1-16

എഫേസ്യർ 5:1-16 MCV

നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക. നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല. അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്. ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ. അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്. മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക. പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്. അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക. അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്. എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും. അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.” അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക.