സഭാപ്രസംഗി 2:12-16

സഭാപ്രസംഗി 2:12-16 MCV

പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു, മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു. രാജാവിന്റെ അനന്തരഗാമിക്ക് മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക? ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു, പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ. ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്, എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു; എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ് എന്നു ഞാൻ മനസ്സിലാക്കി. ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?” ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇതും അർഥശൂന്യമത്രേ.” കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല; ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു. ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!