സഭാപ്രസംഗി 2:1-16

സഭാപ്രസംഗി 2:1-16 MCV

ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു. ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു. എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു. എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല; എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല. എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു, ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം. എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം; ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു. സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു; സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല. പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു, മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു. രാജാവിന്റെ അനന്തരഗാമിക്ക് മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക? ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു, പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ. ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്, എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു; എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ് എന്നു ഞാൻ മനസ്സിലാക്കി. ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?” ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇതും അർഥശൂന്യമത്രേ.” കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല; ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു. ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!