ആവർത്തനം 24:17-22

ആവർത്തനം 24:17-22 MCV

പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്. നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.