ദാനീയേൽ 10
10
ദാനീയേലിനു പ്രത്യക്ഷനായ പുരുഷൻ
1പാർസിരാജാവായ കോരെശിന്റെ മൂന്നാംവർഷത്തിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു. ആ കാര്യം സത്യവും ഒരു മഹായുദ്ധത്തെ സംബന്ധിക്കുന്നതും#10:1 അഥവാ, ക്ലേശകരമായതും ആയിരുന്നു. ആ കാര്യത്തിന്റെ അർഥം ഒരു ദർശനത്തിലൂടെ അദ്ദേഹം മനസ്സിലാക്കി.
2ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു. 3ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല.
4ഒന്നാംമാസം ഇരുപത്തിനാലാം തീയതി ഞാൻ മഹാനദിയായ ടൈഗ്രീസിന്റെ തീരത്തിരിക്കുകയായിരുന്നു. 5ഞാൻ തലയുയർത്തിനോക്കി ചണവസ്ത്രം ധരിച്ച് അരയിൽ ഊഫാസിൽനിന്നുള്ള തങ്കംകൊണ്ടു നിർമിച്ച അരപ്പട്ട#10:5 അതായത്, ബെൽറ്റ് കെട്ടിയതുമായ ഒരു പുരുഷനെ കണ്ടു. 6അദ്ദേഹത്തിന്റെ ശരീരം പുഷ്യരാഗംപോലെയും മുഖം മിന്നൽപ്പിണർപോലെയും കണ്ണുകൾ എരിയുന്ന പന്തങ്ങൾപോലെയും കൈകളും കാലുകളും മിനുക്കിയ വെങ്കലത്തിന്റെ ശോഭയുള്ളവയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ആൾക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു.
7ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു. 8അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു. 9അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു.
10അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു. 11അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു.
12പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു. 13പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോട് എതിർത്തുനിന്നു. അപ്പോൾ പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കാൻ വന്നു. കാരണം ഞാൻ അവിടെ പാർസിരാജാവിനോടൊപ്പം തടഞ്ഞുവെക്കപ്പെട്ടിരുന്നു. 14നിന്റെ ജനത്തിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് നിന്നെ അറിയിക്കാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. ദർശനം വിദൂരഭാവിയിലേക്കുള്ളതാകുന്നു.”
15അദ്ദേഹം ഈ വാക്കുകൾ എന്നോടു സംസാരിച്ചപ്പോൾ ഞാൻ മുഖം കുനിച്ച് ഒന്നും പറയാൻ കഴിവില്ലാതെ നിന്നുപോയി. 16അപ്പോൾ മനുഷ്യരൂപമുള്ള ഒരുവൻ#10:16 ചി.കൈ.പ്ര. മനുഷ്യന്റെ കൈപോലുള്ള ഒന്ന് എന്റെ അധരങ്ങളെ തൊട്ടു. അപ്പോൾ ഞാൻ വായ് തുറന്ന് എന്റെമുമ്പിൽ നിന്നവനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന ബാധിച്ച് ഒരു ശക്തിയുമില്ലാതായിരിക്കുന്നു. 17അടിയനു യജമാനനോട് എങ്ങനെ സംസാരിക്കാൻ കഴിയും? എനിക്കോ, ഇപ്പോൾ ഒട്ടും ശക്തിയില്ല. എന്നിൽ ശ്വാസംപോലും ശേഷിച്ചിട്ടില്ല.”
18അപ്പോൾ മനുഷ്യസാദൃശ്യമുള്ളവൻ വീണ്ടും എന്നെ തൊട്ട് ബലപ്പെടുത്തി. 19“ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ട; നിനക്കു സമാധാനം! ശക്തിപ്പെടുക, ശക്തനായിരിക്കുക,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾത്തന്നെ ഞാൻ ശക്തിയുള്ളവനായിത്തീർന്നു, “യജമാനൻ സംസാരിച്ചാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ” എന്നു പറഞ്ഞു.
20അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നിന്റെ അടുക്കൽ വന്നത് എന്തിനെന്നു നിനക്കറിയാമോ? ഞാൻ ഇപ്പോൾ പാർസിയിലെ പ്രഭുവിനോടു യുദ്ധംചെയ്യാൻ മടങ്ങിപ്പോകും; ഞാൻ പോയശേഷം ഗ്രീക്കുദേശത്തിന്റെ#10:20 മൂ.ഭാ. യവനദേശത്തിന്റെ പ്രഭു വരും. 21എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ഞാൻ നിന്നോടു പറയാം. (നിങ്ങളുടെ പ്രഭുവായ മീഖായേൽ ഒഴികെ ഈ കാര്യങ്ങളിൽ എന്നോടൊപ്പം ഉറച്ചുനിൽക്കാൻ ആരുമില്ല.)
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ദാനീയേൽ 10: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.