അപ്പൊ.പ്രവൃത്തികൾ 7:20-43
അപ്പൊ.പ്രവൃത്തികൾ 7:20-43 MCV
“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു. “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി. മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു, ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല. “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു. ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു. “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു. നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു. “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്. അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്. “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു. എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ? നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’

