അപ്പോ.പ്രവൃത്തികൾ 7:2-8

അപ്പോ.പ്രവൃത്തികൾ 7:2-8 MCV

അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു. “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു. അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി. ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും. എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’ പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.