അപ്പോ.പ്രവൃത്തികൾ 4:31-35

അപ്പോ.പ്രവൃത്തികൾ 4:31-35 MCV

ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി. വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.