അപ്പോ.പ്രവൃത്തികൾ 4:23-37

അപ്പോ.പ്രവൃത്തികൾ 4:23-37 MCV

ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’ അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.” ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി. വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു. സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം. അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.