അപ്പോ.പ്രവൃത്തികൾ 3:1-7

അപ്പോ.പ്രവൃത്തികൾ 3:1-7 MCV

ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു. ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു. അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി. അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു. അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു.