അപ്പോ.പ്രവൃത്തികൾ 2:14-21

അപ്പോ.പ്രവൃത്തികൾ 2:14-21 MCV

അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ? യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്: “ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും. ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ. കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.